
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിൻ്റെ നാമകരണവും ലോഗോ പ്രകാശനവും മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വിഴിഞ്ഞം ഇൻ്റെർനാഷണൽ സീപോർട്ട് തിരുവനന്തപുരം എന്നാണ് ഔദ്യോഗിക നാമം. തുറമുഖത്തിൻ്റെ ലോഗോയും മുഖ്യമന്ത്രി പ്രകാശനം ചെയ്തു. മന്ത്രിമാരായ പി.രാജീവും അഹമ്മദ് ദേവർ കോവിലും ചടങ്ങിൽ പങ്കെടുത്തു.
വിഴിഞ്ഞത്ത് അടുത്ത മാസം നാലിന് ആദ്യ കപ്പലെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൻ്റെ സ്വപ്‌ന പദ്ധതിയാണിത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അനന്തസാധ്യതകൾ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നീണ്ടനാളത്തെ സ്വപ്‌നത്തിൻ്റെയും പ്രവർത്തനത്തിൻ്റെയും ഫലമാണ് തുറമുഖമെന്ന് മന്ത്രി അഹമദ് ദേവർകോവിൽ പറഞ്ഞു. തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖലയിൽ ഗണ്യമായ പുരോഗതി വരും. അദാനി കമ്പനി ഒരു നിശ്ചിത കാലത്തേക്ക് സർക്കാർ നിശ്ചയിച്ച നടത്തിപ്പുക്കാർ മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.

കേരത്തിൻ്റെ എല്ലാ മേഖലയിലുള്ള വികസനത്തിനും വിഴിഞ്ഞം തുറമുഖം വഴിവയ്ക്കുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. വിഴിഞ്ഞം തുറമുഖം പി.പി.പി മോഡലാണ്. ഇതിൽ ആദ്യ പി പബ്ലിക് ആണെന്നും ഇത് കേരളത്തിൻ്റെ പ്രത്യേകതയാണെന്നും മന്ത്രി പറഞ്ഞു.
ചൈനയിൽ നിന്നുള്ള കപ്പലാണ് വിഴിഞ്ഞത്ത് ആദ്യമെത്തുക. ഷാങ്ഹായി തുറമുഖത്ത് നിന്ന് തുറമുഖത്തിന് ആവശ്യമുള്ള വലിയ ക്രെയിനുകളുമായാണ് ആദ്യ കപ്പലിൻ്റെ യാത്ര. ഒക്ടോബർ നാലിന് വൈകിട്ട് കേന്ദ്ര തുറമുഖ മന്ത്രിയുടെയും മുഖ്യമന്ത്രിയുടേയും നേതൃത്വത്തിൽ സ്വീകരണമൊരുക്കും.
