
കാസര്‍കോട്: ബാങ്ക് കളക്ഷൻ ഏജണ്ടിനെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങിയില്ല. കൂഡ്‌ലു, മന്നിപ്പാടി ധൂമാവതി ക്ഷേത്രത്തിന് സമീപം കാന്തിക്കരയിലെ ഉദയാനന്ദനെ(57)യാണ് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. പരേതനായ വാസുവിൻ്റെയും ലക്ഷ്‌മിയുടെയും മകനാണ്.
കൂഡ്‌ലു സഹകരണ ബാങ്കിലെ ജീവനക്കാരനായ ഉദയാനന്ദന്‍ ഓഗസ്‌ത് രണ്ടിന് രാവിലെ വീട്ടില്‍ നിന്ന് ബാങ്കിലേക്ക് സ്‌കൂട്ടറില്‍ പോയിരുന്നു. അതിന് ശേഷം ഭാര്യ ഉദയാനന്ദൻ്റെ അമ്മ താമസിക്കുന്ന വീട്ടിലേക്ക് പോയി. തിരിച്ച് വീട്ടിലെത്തുമ്പോള്‍ ഉദയാനന്ദൻ്റെ സ്‌കൂട്ടര്‍ മുറ്റത്ത് കണ്ടതിനെ തുടര്‍ന്ന് വീട്ടിനകത്ത് പരിശോധിച്ചപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

മൊഗ്രാൽപുത്തുർ പഞ്ചായത്ത് മുൻ ജനപ്രതിനിധിയും നാട്ടിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യവുമായ ഉദയാനന്ദൻ്റെ മരണം കുടുംബക്കാരെയും നാട്ടുകാരെയും ഒരുപോലെ നടുക്കത്തിലാക്കി. ബാങ്കിലെ ജോലി സമ്മർദ്ദവും കടുത്ത സാമ്പത്തിക പ്രശ്‌നവുമാണ് മരണ കാരണമെന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.
അടുത്ത സുഹൃത്തുക്കളോട് പോലും കാര്യമായ പ്രശ്‌നങ്ങൾ ഉള്ളതായി അറിയിച്ചിരുന്നില്ലെന്നാണ് പറയുന്നത്. സ്നേഹിക്കുന്നവരെയെല്ലാം തനിച്ചാക്കി പോയതിൽ കണ്ണീരുണങ്ങാത്ത വിങ്ങലിൽ നിന്നും കുടുംബവും സുഹൃത്തുക്കളും ഇനിയും മുക്തരായിട്ടില്ല.
