
തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടിക്കർഷകരുടെ വീട് സന്ദർശിച്ച് മന്ത്രിമാരായ ചിഞ്ചുറാണിയും റോഷി അഗസ്റ്റിനും. കുടുംബത്തിന് ആവശ്യമായ എല്ലാ സഹായവും ഉണ്ടാകുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകി. കുടുംബത്തിന് അഞ്ച് പശുക്കളെ സർക്കാർ നൽകുമെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു. ഒരാഴ്‌ചക്കകം പശുക്കളെ കൈമാറും.
മിൽമ 45,000 രൂപ അടിയന്തര സഹായമായി അനുവദിച്ചു. കാലിത്തീറ്റയും സൗജന്യമായി നൽകും ചെക്ക് കൈമാറി. കുട്ടികർഷകർക്ക് നഷ്ടപെട്ട പശുക്കളേക്കാൾ മെച്ചമായ രീതിയിൽ പശുക്കളെ വളർത്തുവാൻ എല്ലാവിധ സഹായവും സർക്കാർ നൽകും.
കഴിഞ്ഞ ദിവസമാണ് തൊടുപുഴയില്‍ വെള്ളിയാമറ്റം കിഴക്കേ പറമ്പില്‍ ക്ഷീര കർഷകനായ മാത്യു ബെന്നിയുടെ പശുക്കൾ കൂട്ടത്തോടെ ചത്തുവീണത്. പശുക്കൾക്ക് തീറ്റയായി നൽകിയ കപ്പത്തൊണ്ടിലെ സയനൈഡ് അകത്ത് ചെന്നതിനെ തുടർന്നാണ് പശുക്കൾ ചത്തത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

നടൻ ജയറാമും കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകി. തൻ്റെ പുതിയ സിനിമയുടെ ട്രെയിലർ ലോഞ്ചിന് വേണ്ടി മാറ്റിവെച്ച തുകയാണ് താരം കുടുംബത്തിന് നൽകിയത്.
മരച്ചീനിയിലെ സയനൈഡ് സാന്നിധ്യം
തൊടുപുഴയിൽ പതിനഞ്ചു വയസ്സുകാരൻ മാത്യുബെന്നിയുടെ പശുക്കൾ ചത്തുവീണത് കപ്പത്തൊണ്ടിലെ സയനൈഡ് അകത്ത് ചെന്നതിനെ തുടർന്ന്. തീറ്റയായി നല്‍കിയ കപ്പത്തൊണ്ടിലെ സയനൈഡ് ആണ് കന്നുകാലികളുടെ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു.
കപ്പയുടെ കിഴങ്ങ്, കിഴങ്ങിൻ്റെ തൊലി, ഇലകൾ തുടങ്ങിയവ പച്ചയ്ക്ക് തിന്നുന്നത് വിഷകരമാണ്. കപ്പയിൽ ലിനാമാരിൻ, ലോട്ടോസ്ട്രാലിൻ എന്നീ സയാനോജീനിക് ഗ്ലൂക്കോസൈടുകൾ ഉള്ളതാണ് കാരണം. കപ്പയിൽ ഉള്ള ലിനാമരേസ് എന്ന എൻസൈം ഇവയെ വിഘടിപ്പിച്ച് ഹൈഡ്രജൻ സയനൈഡ് ഉത്പാദിപ്പിക്കുന്നു.
കയ്പ്പുള്ള കപ്പയിൽ ആണ് സയാനോജീനിക് ഗ്ലൂക്കോസൈടുകൾ കൂടുതലായി ഉള്ളത്. കയ്പ്പില്ലാത്ത കപ്പയിൽ കിലോയിൽ 20 മില്ലിഗ്രാം സയനൈഡ് ഉള്ളപ്പോൾ കയ്പ്പുള്ള കപ്പയിൽ കിലോയിൽ 1000 മില്ലിഗ്രാം വരെ സയനൈഡ് ഉണ്ടാകും. വരൾച്ചക്കാലത്ത് ഈ വിഷാംശങ്ങളുടെ അളവ് കൂടുതലാകുന്നു.
ഒരു എലിയെ കൊല്ലാൻ കപ്പയിൽ നിന്നും എടുത്ത ശുദ്ധമായ 25 മില്ലിഗ്രാം സയാനോജീനിക് ഗ്ലൂക്കോസൈഡ് മതിയാകും. 500– 600കിലോ ഭാരമുള്ള ഒരു പശുവിന് മരണ കാരണമാകാന്‍ വെറും 300– 400 മില്ലിഗ്രാം സയനൈഡ് മതി.
പാചക രീതിയിലെ പിഴവ് മൂലം മിച്ചം വരുന്ന സയനൈഡ് അംശം മൂലം താത്കാലികമായ സയനൈഡ് ലഹരി, ഗോയിറ്റർ, നാഡീരോഗമായ അടാക്‌സിയ, പാൻക്രിയാസ് വീക്കം എന്നിവ ഉണ്ടാകാം.
