
കേന്ദ്ര സർക്കാരിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്ന കർഷകർക്ക് മുന്നിൽ സർക്കാർ മുന്നോട്ട് വെച്ച നിർദേശങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് സർവ്വകക്ഷിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ഫോൺ കോളിനപ്പുറം കാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ ഇപ്പോഴുമുണ്ടെന്നും ഇക്കാര്യം അദ്ദേഹം തന്നെ കർഷകരോട് അറിയിച്ചതാണെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇന്ന് നടന്ന പാർലമെന്റിന്‍റെ ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള സർക്കാരിന്‍റെ അജണ്ട അവതരിപ്പിക്കുന്നതിനായി സർവ്വകക്ഷിയോഗത്തിന്‍റെ അധ്യക്ഷത വഹിച്ചത്.

സാധാരണഗതിയിൽ, ഇരുസഭകളുടെയും സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് പാർലമെന്റ് സമ്മേളനങ്ങൾക്ക് മുന്നോടിയായി സർവ്വകക്ഷി യോഗങ്ങൾ നടത്താറുണ്ട്. എല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും സംഭാഷണത്തിലൂടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നും നരേന്ദ്ര മോദി കൂട്ടിച്ചേർത്തു.
കാർഷിക നിയമങ്ങൾ സംബന്ധിച്ച സർക്കാരിന്‍റെ നിർദ്ദേശം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും യോഗത്തിൽ നരേന്ദ്ര മോദി പറഞ്ഞു. ‘സർക്കാരിന്‍റെ നിർദ്ദേശം ഇപ്പോഴും നിലനിൽക്കുന്നു. ഇത് നിങ്ങളെ പിന്തുണക്കുന്നവരെ അറിയിക്കുക. പ്രശ്നത്തിന് പരിഹാരം സംഭാഷണത്തിലൂടെയാണ് കണ്ടെത്തേണ്ടത്. നാമെല്ലാവരും രാജ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,” മോദി പറഞ്ഞു. കർഷകരുമായി കേന്ദ്ര സർക്കാർ നടത്തിയ പതിനൊന്നാം ഘട്ട ചർച്ചയും പരാജയപ്പെട്ടിരുന്നു. നിയമം ഒന്നരവർഷത്തേക്ക് നടപ്പിലാക്കുന്നത് ഒഴിവാക്കാമെന്ന് കേന്ദ്രത്തിന്‍റെ നിർദേശം കർഷകർ തള്ളുകയായിരുന്നു.
