തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനമായില്ല; നിയന്ത്രണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ദേവസ്വങ്ങൾ; ചീഫ് സെക്രട്ടറി വിളിച്ച യോഗം നാളെ

  • Post category:news
  • Reading time:1 min read
You are currently viewing തൃശൂർ പൂരം നടത്തിപ്പിൽ തീരുമാനമായില്ല; നിയന്ത്രണങ്ങളിൽ എതിർപ്പ് പ്രകടിപ്പിച്ച് ദേവസ്വങ്ങൾ; ചീഫ് സെക്രട്ടറി വിളിച്ച യോഗം നാളെ

തൃശൂർ പൂരം നടത്തിപ്പിലെ നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി വിളിച്ച യോഗം നാളെ ചേരും. കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സം സൃഷ്ടിക്കുമെന്ന് ദേവസ്വങ്ങൾ വ്യക്തമാക്കി. അതേസമയം പൂരം അട്ടിമറിക്കാൻ ചിലര്‍ ശ്രമിക്കുന്നു എന്നാണ് പാറമേക്കാവ് ദേവസ്വം ആരോപിക്കുന്നത്. ആനപാപ്പാൻമാരെ ആർ.ടി.പി.സി.ആർ പരിശോധനയിൽ നിന്ന് ഒഴിവാക്കണമെന്നും രോഗലക്ഷണമുളള പാപ്പാൻമാര്‍ക്ക് മാത്രം പരിശോധന നടത്തണമെന്നും ദേവസ്വം ബോർഡുകൾ ആവശ്യപ്പെട്ടു.

ഒറ്റ ഡോസ് വാക്‌സിൻ എടുത്തവർക്കും പ്രവേശനം നൽകണം എന്നും ദേവസ്വങ്ങൾ ആവശ്യം ഉന്നയിച്ചു. പക്ഷേ, ഇക്കാര്യത്തില്‍ തീരുമാനമെടുക്കാൻ സാധിക്കില്ലെന്ന് ജില്ലാ കലക്ടർ വ്യക്തമാക്കി. നാളെ രാവിലെ ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ ഈ ആവശ്യങ്ങൾ ഉന്നയിക്കും.

പുതിയ നിയമങ്ങൾ അടിച്ചേൽപിക്കുന്നത് പൂരം നടത്തിപ്പിനെ ബാധിക്കുമെന്ന് ദേവസ്വം ഭാരവാഹികൾ അറിയിച്ചു. അതേസമയം പൂരത്തിനുളള പ്രവേശനപാസ് നാളെ പത്ത് മണി മുതല്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യാം. പൂരത്തിന് 72 മണിക്കൂര്‍ മുമ്പ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണം. ഈ പരിശോധനാഫലം പോർട്ടലിൽ അപ്ലോഡ് ചെയ്താൽ മാത്രമേ പാസ് അനുവദിക്കൂ.

0Shares