നാട്ടുകാർ വലവീശി പിടിച്ച മീൻ പിടിച്ചെടുത്ത് രഹസ്യമായി വിറ്റു; മിച്ചം വന്നത് വീട്ടിൽ കൊണ്ടുപോയി; പോലീസുകാർക്കെതിരെ നടപടി

  • Post category:news
  • Reading time:1 min read
You are currently viewing നാട്ടുകാർ വലവീശി പിടിച്ച മീൻ പിടിച്ചെടുത്ത്  രഹസ്യമായി വിറ്റു; മിച്ചം വന്നത് വീട്ടിൽ കൊണ്ടുപോയി; പോലീസുകാർക്കെതിരെ നടപടി

പിടിച്ചെടുത്ത കായൽ മീൻ രഹസ്യമായി വിൽപ്പന നടത്തിയ പോലീസുകാർക്കെതിരെ നടപടി. മംഗലപുരം സ്റ്റേഷനിലെ മൂന്ന് എ.എസ്ഐമാരെയാണ് മീൻ വിറ്റതിന് നെയ്യാറ്റിൻകര പുളിങ്കുടിയിലെ എ.ആർ ക്യാംപിലേക്ക് മാറ്റിയത്. നാട്ടുകാർ വലവീശി പിടിച്ച മീൻ പോലീസുകാർ പിടിച്ചെടുത്ത് വിൽപ്പന നടത്തുകയും ബാക്കി വീട്ടിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ഇത് വാർത്തയായതിന് പിന്നാലെയാണ് റൂറൽ എസ്പി നടപടിയെടുത്തത്. അതേ സമയം രാഷ്ട്രീയ സമ്മർദ്ദത്തെത്തുടർന്ന് കേസിൽ ഉൾപ്പെട്ട പ്രധാന എസ്.ഐയെ ഒഴിവാക്കിയെന്നും ആരോപണമുണ്ട്.
തീരദേശത്തുള്ള ചിലർ കഠിനംകുളം കായലിൽ നിന്നും വലവീശി പിടിക്കുന്ന കരിമീൻ , തിലോപ്പിയ, വരാൽ തുടങ്ങിയവ മുരുക്കുംപുഴ കടവിൽ വിൽക്കാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിച്ചെടുക്കുകയായിരുന്നു.

ജീപ്പിൽ കൊണ്ടുപോയ മീൻ ഇടനിലക്കാരിലൂടെ വിൽപന നടത്തിയെന്നും വീട്ടിലേക്കു കൊണ്ടുപോയെന്നുമാണ് ആരോപണം ഉയർന്നത്. കൂടാതെ സ്റ്റേഷനുള്ളിലും മീൻ പാചകം ഉണ്ടായിരുന്നെന്നും പറയുന്നു. എസ്.ഐ, എഎസ്ഐമാർ സിവിൽപൊലീസ് ഓഫിസർമാർ എന്നിങ്ങനെ നിരവധി പേർ ആരോപണങ്ങളിൽപ്പെട്ടിരുന്നു.

സംഭവം വിവാദമായതോടെ ആറ്റിങ്ങൽ ഡി.വൈ.എസ്പി വി. എസ് ദിനരാജിന് അന്വേഷണ ചുമതല നൽകി. ഡി.വൈ.എസ്പിയുടെ റിപ്പോർട്ടിലാണ് നടപടി. സേനയ്ക്ക് അപമാനമുണ്ടാകുന്ന സംഭവം പുറത്തറിഞ്ഞതോടെ ഡിജിപി ഉൾപ്പെടെ വിശദീകരണം തേടിയിരുന്നു. തുടർന്നായിരുന്നു റൂറൽ എസ്പിയുടെ നിർദ്ദേശപ്രകാരം അന്വേഷണം.

0Shares