എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച ഡോക്ടര്‍മാരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളത് 20000 പേര്‍; നാല് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെ

  • Post category:news
  • Reading time:1 min read
You are currently viewing എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച  ഡോക്ടര്‍മാരുടെ സമ്പര്‍ക്കപട്ടികയില്‍ ഉള്ളത് 20000 പേര്‍; നാല് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി; കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെ

മലപ്പുറം ജില്ലയിലെ എടപ്പാളില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടു ഡോക്ടര്‍മാരുടെയും കൂടി സമ്പര്‍ക്കപ്പട്ടികയിലുള്ളത് 20,000-ത്തിലധികം പേര്‍. ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ കൈമാറിയ പട്ടികയിലെ മാത്രം കണക്കാണിത്.സമ്പർക്കത്തിലൂടെ നാലുപേർക്ക് കോവിഡ് സ്ഥിരീകരിച്ച എടപ്പാളിൽ നാല് പഞ്ചായത്തുകൾ കണ്ടെയ്ൻമെന്റ് സോണുകളാക്കി.

പൊന്നാനി നഗരസഭയിലെ 47 വാർഡുകളും ഇതിൽപ്പെടും. ഇവിടെ കളക്ടർ കെ. ഗോപാലകൃഷ്ണൻ സന്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചു. ശിശുരോഗ വിദഗ്ധന്‍റെ പട്ടികയില്‍ ഒ.പി.യില്‍ എത്തിയ രോഗികളും ബന്ധുക്കളുമടക്കം 10,000 പേരും ഐ.പി.യിലുള്ളത് 160 പേരുമാണ്. രണ്ടാമത്തെ ഡോക്ടറായ ഫിസിഷ്യന്‍ ഒ.പിയിലും ഐ.പിയിലുമായി ബന്ധപ്പെട്ടത് 5,500 പേരുമായാണ്. ഇവര്‍ക്കൊപ്പമുള്ള ബന്ധുക്കളുടെ കണക്ക് വേറെയാണ്.

ജൂണ്‍ അഞ്ചിനുശേഷം ഇവരെ കണ്ടവരുടെ പട്ടികയാണിത്. ഇതില്‍ കുട്ടികളുടെ ഡോക്ടറുടെ പട്ടികയില്‍ നവജാതശിശുക്കള്‍ വരെയുണ്ടെന്നത് സംഭവത്തിന്‍റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. പട്ടിക പരിശോധിച്ച് എല്ലാവരെയും ബന്ധപ്പെട്ട് വീടുകളില്‍ ക്വാറന്റീനില്‍ കഴിയാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരന്തര നിരീക്ഷണത്തിലൂടെ ലക്ഷണമുള്ളവരെ കണ്ടെത്തി ചികിത്സ നല്‍കാനും ഇവരില്‍ 1000 പേരെ രണ്ടുദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.

രോഗംബാധിച്ചവർ ജോലിചെയ്ത രണ്ട് ആശുപത്രികളും പൂർണമായും ആരോഗ്യവകുപ്പിന്‍റെ നിയന്ത്രണത്തിലാക്കി. പുറത്തുനിന്ന് ആർക്കും പ്രവേശനമില്ല. അകത്തുള്ളവർക്ക് പുറത്തുപോകാനുമാവില്ല. ഈ ദിവസങ്ങളിൽ രണ്ടു ഡോക്ടർമാരുടെയുമടുത്ത് ചികിത്സ തേടിയവരെപ്പറ്റിയുള്ള വിവരങ്ങൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. അവർക്ക് മുന്നറിയിപ്പും നൽകി. മേഖലയിൽ ആദ്യ ലോക്‌ഡൗണിന്‍റെ അതേ നിയന്ത്രണങ്ങളാകും ഉണ്ടാവുക.

വട്ടംകുളം, എടപ്പാൾ, ആലങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളും പൊന്നാനി നഗരസഭയിലെ ഒന്ന്, രണ്ട്, മൂന്ന്, 50, 51 വാർഡുകളൊഴികെയുള്ള 47 വാർഡുകളാണ് കണ്ടെയ്ൻമെന്റ് മേഖലകളിലുള്ളത്.ദേശീയപാതയിൽ എടപ്പാളിലൂടെ പോകുന്ന വാഹനങ്ങൾ അരമണിക്കൂറിനുള്ളിൽ കണ്ടെയ്ൻമെന്റ് മേഖല കടന്നുപോകുന്നുണ്ടെന്ന് ഉറപ്പാക്കും. ഇടയിൽ വാഹനങ്ങളിൽനിന്ന് ആരും പുറത്തിറങ്ങാൻ പാടില്ല. ഒരു പെട്രോൾ പമ്പ് രാവിലെ ഏഴുമുതൽ പത്തുവരെ പ്രവർത്തിക്കും.

0Shares