നവകേരള ബസിന് നേരെ ഷൂസ് എറിഞ്ഞത്; തെറ്റുപറ്റിയെന്ന് സംസ്ഥാന നേതൃത്വം, കെ.എസ്‌.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വധശ്രമത്തിന് കേസ്

  • Post category:Kerala / news
  • Reading time:1 min read
You are currently viewing നവകേരള ബസിന് നേരെ ഷൂസ് എറിഞ്ഞത്; തെറ്റുപറ്റിയെന്ന് സംസ്ഥാന നേതൃത്വം, കെ.എസ്‌.യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് വധശ്രമത്തിന് കേസ്

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്‌ത നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ് പ്രതിഷേധിച്ച കെ.എസ്.യു- യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ചുമത്തിയത് ​ഗുരുതര വകുപ്പുകൾ. പ്രവർത്തകർക്കെതിരെ വധ ശ്രമത്തിനാണ് കേസെടുത്തത്. ഐപിസി 308, 283, 353 വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പെരുമ്പാവൂരിൽ ഒമ്പത് പേർക്കെതിരെയും കുറുപ്പുംപടി ഓടക്കാലിയിൽ നാല് പേർക്കെതിരെയുമാണ് കേസെടുത്തത്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്‌തതെന്നും എഫ്ഐആറിൽ പറയുന്നു. നാലു കെ.എസ്‌.യു പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇങ്ങനെയൊരു പ്രതിഷേധം നടത്തുന്നതിലൂടെ അപകടമുണ്ടായി മരണം വരെ ഉണ്ടായേക്കുമെന്ന ബോധ്യം പ്രതികൾക്ക് ഉണ്ടെന്ന് എഫ്‌.ഐ.ആറിൽ പറയുന്നു. കസ്റ്റഡിയിലെടുത്ത കെ.എസ്‌.യു പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി.

പെരുമ്പാവൂരിൽ നിന്നും കോതമംഗലത്തേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിഷേധം ഉണ്ടായത്. കെ.എസ്‌.യു സംസ്ഥാന സെക്രട്ടറി ബേസിൽ പാറേക്കുടിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ഷൂസ് എറിഞ്ഞവർക്കെതിരെ കടുത്ത നടപടിയെടുക്കുമെന്ന് ഞായറാഴ്‌ച തന്നെ മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഏറിനൊക്കെ പോയാല്‍ അതിൻ്റെതായ നടപടികള്‍ തുടരും. അന്നേരം വിലപിച്ചിട്ട് കാര്യമില്ല എന്നാണ് കോതമംഗലത്ത് നടന്ന നവകേരള സദസില്‍ മുഖ്യമന്ത്രി പറഞ്ഞത്.

പെരുമ്പാവൂരിലെ നവകേരള സദസ് കഴിഞ്ഞ് കോതമംഗലത്തേയ്ക്ക് പോകുമ്പോഴാണ് ഷൂ ഏറ് ഉണ്ടായത്. ഓടക്കാലിയില്‍ വച്ച് രണ്ടുമൂന്ന് തവണയാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂസ് എറിഞ്ഞത്. പൊലീസ് ഇവരെ ലാത്തിവീശി ഓടിക്കുകയും പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അതിനിടെ നവകേരള സദസിനെതിരായ പ്രതിഷേധം തുടരുമെന്ന് കെ.എസ്‌.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. കരിങ്കൊടി കൊണ്ട് പ്രതിഷേധിച്ചവരെ കയ്യൂക്ക് കൊണ്ട് നേരിട്ട ഡി.വൈ.എഫ്‌.ഐക്കും കേരളാ പൊലീസിനും എതിരെയുളള പ്രതികരണം കൂടിയാണ് എറണാകുളം ജില്ലയിലെ പ്രതിഷേധമെന്നും അലോഷ്യസ് പറഞ്ഞു. എന്നാൽ പ്രസ്‌താവന തിങ്കളാഴ്‌ച സംസ്ഥാന നേതൃത്വം തിരുത്തി.

0Shares