
ഏറ്റവും വലിയ മഞ്ഞുമല അന്റാർട്ടിക്ക് ഹിമപാളിയിൽ നിന്ന് അടർന്നു. ഈ വാർത്തയെ ആശങ്കയോടെയാണ് ലോകം ഉറ്റുനോക്കുന്നത്. 1,667 ചതുരശ്ര മൈൽ വിസ്തീർണ്ണമുള്ള ഐസ് ഭാഗം അന്റാർട്ടിക്ക് ഐസ് ഷെൽഫിൽ നിന്ന് വിഘടിച്ചുവെന്നാണ് യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ കണക്ക്. മജോർക്കയേക്കാൾ അല്പം വലുപ്പമുള്ള ഈ ഭീമാകാരമായ ഐസ്ബർഗ് റോൺ ഐസ് ഷെൽഫിന്‍റെ പടിഞ്ഞാറ് ഭാഗത്ത് നിന്നാണ് അടർന്നിരിക്കുന്നത്.

ഇതൊരു മഞ്ഞുമലയുടെ വിഭജനം എന്നറിയപ്പെടുന്നുവെങ്കിലും ആശങ്കയോടെയാണ് ഇതിനെ ലോകം കാണുന്നത്. എ 76 എന്ന് വിളിക്കപ്പെടുന്ന ഇതിനെ മെയ് 14 ന് ഇഎസ്എ കോപ്പർനിക്കസ് സെന്റിനൽ 1 ദൗത്യം പകർത്തിയ ചിത്രങ്ങളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഏകദേശം 1,667 ചതുരശ്ര മൈൽ വലിപ്പം, അല്ലെങ്കിൽ 105 മൈൽ നീളവും 15 മൈൽ വീതിയും ഇതിനുണ്ട്.
കണക്കുവച്ചു നോക്കിയാൽ നിലവിൽ ഇത് ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമലയാണ്. ഈ കൂറ്റൻ ഐസ്, ഇപ്പോൾ അന്റാർട്ടിക്കയിലെ വെഡ്ഡെൽ കടലിൽ ഒഴുകുകയാണ്. ഇതിന് ആഗോളസമുദ്രജലത്തിന്‍റെ അളവ് രണ്ടരയടി ഉയർത്താനുള്ള കഴിവുണ്ടെന്നാണ് അനുമാനിക്കുന്നത്. ബ്രിട്ടീഷ് അന്റാർട്ടിക്ക് സർവേയിലെ വിദഗ്ദ്ധർ പറയുന്നത് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധിപ്പിക്കുന്നതിനേക്കാൾ പ്രതീക്ഷിച്ച ഒരു സ്വാഭാവിക സംഭവമാണ് ഇതെന്നാണ്.
