
കേരളാ കോണ്‍ഗ്രസില്‍ രണ്ടില ചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ വിധിക്കെതിരേ ജോസഫ് വിഭാഗം ഹൈക്കോടതിയിലേക്ക്. വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്ന് പി.ജെ. ജോസഫ് വ്യക്തമാക്കി. ഇതു സംബന്ധിച്ച ആലോചനകൾ പാർട്ടിയിൽ തുടരുകയാണ്.

രണ്ടില ചിഹ്നത്തിനുള്ള അവകാശം തങ്ങൾക്കാണെന്ന ജോസഫ് വിഭാഗത്തിന്റെ അവകാശവാദം തള്ളിയാണ് കമ്മീഷൻ ജോസ് കെ. മാണി വിഭാഗത്തിനായി ചിഹ്നം അനുവദിച്ചത്. കമ്മീഷന്റെ മുന്നിലുള്ള രേഖകൾ, അതുവരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാന്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചാണു തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. രണ്ടില ചിഹ്നം സംബന്ധിച്ച് ഇരുവിഭാഗങ്ങളും തർക്കം തുടരുകയായിരുന്നു.
പാലാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ ജോസ് വിഭാഗം സ്ഥാനാർത്ഥി ജോസ് ടോം പുലിക്കുന്നേൽ കൈതച്ചക്ക ചിഹ്നത്തിലാണു മത്സരിച്ചത്. എന്നാൽ, തദ്ദേശഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിഹ്നം നഷ്ടമായതു ജോസഫ് പക്ഷത്തിനു കനത്ത തിരിച്ചടിയാണ്.
