ദുരൂഹ സ്‌ഫോടനങ്ങളുടെ പരമ്പരയിലേക്ക് ഒന്നുകൂടി; ഇറാന്‍ നാവികസേനയുടെ കപ്പല്‍ കടലില്‍ തീപിടിച്ച് മുങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ദുരൂഹ സ്‌ഫോടനങ്ങളുടെ പരമ്പരയിലേക്ക് ഒന്നുകൂടി; ഇറാന്‍ നാവികസേനയുടെ കപ്പല്‍ കടലില്‍ തീപിടിച്ച് മുങ്ങി

ഇറാന്‍ നാവികസേനയുടെ ഏറ്റവും വലിയ കപ്പല്‍ കടലില്‍ തീപിടിച്ച് മുങ്ങി. ഇറാനിലെ ജാസ് തുറമുഖത്തിന് സമീപം ഒമാന്‍ ഉള്‍ക്കടലിലാണ് സംഭവമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖാര്‍ഗ് എന്ന പരിശീലന കപ്പലാണ് മുങ്ങിയത്. ബുധനാഴ്ച പുലര്‍ച്ചെ ഇന്ത്യന്‍ സമയം 2:25 ഓടെയാണ് കപ്പലില്‍ തീ പടര്‍ന്ന് പിടിച്ചത്.

അതേസമയം, തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീ കത്തിക്കൊണ്ടിരിക്കുന്ന കപ്പലിന് പുറകില്‍ ലൈഫ് ജാക്കറ്റുകള്‍ ധരിച്ച നാവികര്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ അന്തരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തു വിട്ടിട്ടുണ്ട്. ഇറാനിയന്‍ നാവികസേനയിലെ മറ്റ് കപ്പലുകള്‍ക്ക് സഹായം എത്തിക്കാന്‍ പ്രാപ്തിയുള്ള ഏതാനും കപ്പലുകളില്‍ ഒന്നാണ് ഖാര്‍ഗ്. ഭാരമുള്ള ചരക്ക് കയറ്റാനും ഹെലികോപ്റ്ററുകളുടെ ലോഞ്ച് പോയിന്റായും ഈ കപ്പല്‍ പ്രവര്‍ത്തിച്ചിരുന്നു.

ബ്രിട്ടനില്‍ പണികഴിപ്പിച്ച് 1977ല്‍ പുറത്തിറക്കിയ ഈ കപ്പല്‍ 1984 ലാണ് ഇറാനിയന്‍ നാവികസേനയുടെ ഭാഗമായത്. ഖാര്‍ഗിലെ തീപിടിത്തത്തിനെക്കുറിച്ച് ഇറാന്‍ അധികൃതര്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ഒമാന്‍ ഉള്‍ക്കടലിലെ കപ്പലുകളെ ലക്ഷ്യമിട്ട് 2019 മുതല്‍ അരങ്ങേറുന്ന ദുരൂഹ സ്‌ഫോടനങ്ങളുടെ പരമ്പരയാണിതെന്ന് കണക്കാക്കേണ്ടി വരും.

0Shares