
ഗുരുവായൂർ- പുനലൂർ പാസഞ്ചർ ട്രെയിനിൽ വച്ച് യുവതിയെ അക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് അക്രമിച്ചതെന്ന് റെയിൽവേ പൊലീസ് വ്യക്തമാക്കി. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

ഇയാൾ പല കേസുകളിലും പ്രതിയാണ്. ഒരു കണ്ണിന് കാഴ്ച ശക്തിയില്ലാത്തയാളാണെന്ന് യുവതി പൊലീസിന് സൂചന നൽകിയിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് ചെങ്ങന്നൂരിലെ ജോലി സ്ഥലത്തേക്ക് പോകുംവഴി യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ ട്രെയിനിലെ കമ്പാർട്ട്‌മെന്റിൽ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്.
യുവതിയെ സ്‌ക്രൂഡ്രൈവർ കാട്ടി പേടിപ്പിച്ച അക്രമി മാലയും വളയും തട്ടിയെടുത്തു. വീണ്ടും അയാൾ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴാണ് യുവതി ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെട്ടത്. തലയ്ക്ക് സാരമായി പരുക്കേറ്റ യുവതി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
