
മേയർ എന്ന നിലയിൽ തനിക്ക് അർഹമായ ആദരവും പരിഗണനയും കിട്ടുന്നില്ലെന്ന് വീണ്ടും തൃശ്ശൂർ മേയർ എം.കെ. വർഗ്ഗീസിൻ്റെ പരാതി. ബോർഡിൽ ഫോട്ടോ ചെറുതായെന്ന് പറഞ്ഞ് പുങ്കുന്നം സർക്കാർ സ്‌കൂളിൽ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങ് കഴിഞ്ഞ ദിവസം മേയർ ബഹിഷ്‌കരിച്ചിരുന്നു. സംസ്ഥാന സർക്കാർ പരിപാടികളിൽ ഉൾപ്പെടെ അർഹതപ്പെട്ട ആദരവ് കിട്ടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘പുങ്കുന്നം സർക്കാർ സ്‌കൂൾ തൃശ്ശൂർ കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളാണ്. എസ്.എസ്.എൽ.സി വിദ്യാർഥികളുടെ അവാർഡ് ദാന ചടങ്ങിലേക്ക് ക്ഷണിക്കാനായി ക്ഷണം സ്വീകരിച്ചിരുന്നു. എന്നാൽ പരിപാടി സംബന്ധിച്ച് പിന്നീടുള്ള കാര്യങ്ങളൊന്നും തന്നെ അറിയിച്ചിട്ടില്ല. പരിപാടിയുടെ ബ്രോഷർ, ബോർഡ് എന്നിവ ഉൾപ്പെടെ സ്ഥാപിക്കുമ്പോൾ മേയറോട് ചോദിക്കണമെന്ന മര്യാദ കാണിക്കേണ്ടത് അവരുടെ ഉത്തരവാദിത്വമായിരുന്നു.

പരിപാടിയിൽ എം.എൽ.എയെയാണ് ഉദ്ഘാടകനാക്കിയത്. നല്ല കാര്യമാണ്. അതിൽ യാതൊരു വിഷമവുമില്ല. എന്നാൽ ബോർഡിൽ എം.എൽ.എയുടെ ഫോട്ടോ വലുതും മേയറായ തൻ്റെ ഫോട്ടോ ചെറുതുമായിരുന്നു. കോർപ്പറേഷൻ കൗൺസിലർമാരുടെ കൂട്ടത്തിൽ മേയറായ തൻ്റെ ഫോട്ടോ വെച്ചത് മാനസികമായി വിഷമുണ്ടാക്കി. പ്രോട്ടോക്കോൾ പ്രകാരം എം.പിയും എം.എൽ.എയുമെല്ലാം മേയറെക്കാൾ താഴെയുള്ളവരാണ്. തൻ്റെ കോർപ്പറേഷൻ പരിധിയിലുള്ള സ്‌കൂളിൽ പോലും തന്നെ അപമാനിക്കുന്ന തരത്തിലാണ് ബോർഡ് സ്ഥാപിച്ചത്.
മനപൂർവ്വമാണ് ഇത്തരമൊരു അവസ്ഥയെന്ന് തോന്നി. ഇതൊന്നും ശരിരായ കീഴ്വഴക്കമല്ല. പ്രോട്ടോക്കോൾ ലംഘനമാണിത്. ഈ സാഹചര്യത്തിലാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതായി സ്‌കൂൾ അധികൃതരെ അറിയിച്ചത്.’ മേയർ പറയുന്നു. പ്രോട്ടോകോൾ പ്രകാരം ലഭിക്കേണ്ട പരിഗണന ലഭിക്കുന്നില്ല എന്ന് കാട്ടി മേയർ സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസർക്ക് പരാതി നൽകി.
നേരത്തേ, ഔദ്യോഗിക വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ പൊലീസുകാർ സല്യൂട്ട് ചെയ്യുന്നില്ലെന്ന് പരാതിയുമായി മേയർ രംഗത്തെത്തിയിരുന്നു. കാറിൽ പോകുമ്പോൾ പൊലീസ് ഉദ്യോഗസ്ഥർ സല്യൂട്ട് ചെയ്യുന്നില്ലെന്നായിരുന്നു മേയർ എം .കെ വർഗീസിന്റെ പരാതി. സല്യൂട്ട് തരാൻ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് എം. കെ വർഗീസ് ഡി.ജി.പിക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
