ഇത് വ്യത്യസ്തമായ കൊവിഡ് ബോധവത്കരണം; ബംഗാളിൽ ഒരുങ്ങുന്നത് സ്വർണമാസ്‌ക് ധരിച്ച ദുർഗാ ദേവിയുടെ വിഗ്രഹം; കൈകളിൽ ആയുധങ്ങൾക്ക് പകരം സാനിറ്റൈസർ, മാസ്‌ക്, സിറിഞ്ച്

  • Post category:news
  • Reading time:1 min read
You are currently viewing ഇത് വ്യത്യസ്തമായ കൊവിഡ് ബോധവത്കരണം; ബംഗാളിൽ ഒരുങ്ങുന്നത് സ്വർണമാസ്‌ക് ധരിച്ച ദുർഗാ ദേവിയുടെ വിഗ്രഹം; കൈകളിൽ ആയുധങ്ങൾക്ക് പകരം സാനിറ്റൈസർ, മാസ്‌ക്, സിറിഞ്ച്

രാജ്യത്തെ കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ മാസ്‌കും സാനിറ്റൈസറും സാമൂഹിക അകലവും മുഖ്യമായതിനാൽ ദുർഗാപൂജയ്ക്കായി പശ്ചിമ ബംഗാളിൽ ഒരുങ്ങുന്നത് സ്വർണമാസ്‌ക് ധരിച്ച ദുർഗാ ദേവിയുടെ വിഗ്രഹം.

ഇരുപത് ഗ്രാം സ്വർണമുപയോഗിച്ചൊരുക്കുന്ന മാസ്‌ക് കൂടാതെ ദുർഗയുടെ കൈകളിൽ സാധാരണയായി കാണപ്പെടുന്ന ആയുധങ്ങൾക്ക് പകരം സാനിറ്റൈസർ, തെർമൽ സ്‌കാനർ, മാസ്‌ക്, സിറിഞ്ച് തുടങ്ങിയവ ഉണ്ടായിരിക്കും. വിഗ്രഹം പൂർത്തിയാകുന്നതിനായി സമയമെടുക്കുമെങ്കിലും ദുർഗാ പൂജയ്ക്കായി ഒരുക്കുന്ന വിഗ്രഹത്തിന്റെ ആശയം ഞായറാഴ്ച കൊൽക്കത്തയിലെ ബഗുയാട്ടിയിലെ പൂജാ പന്തലിൽ അനാച്ഛാദനം ചെയ്തു.

കൊവിഡ് വ്യാപനം തുടരുന്നതിനാൽ സുരക്ഷിതരായിരിക്കാൻ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരാശയം സ്വീകരിച്ചതെന്ന് സംഘാടകർ പറയുന്നു. ദേവിയെ സ്വർണമാസ്‌ക് അണിയിച്ചിരിക്കുന്നതിനാൽ സ്വർണ മാസ്‌ക് ധരിച്ച് രോഗത്തെ ചെറുക്കാമെന്ന് തെറ്റിധരിക്കരുതെന്ന് തൃണമൂൽ എം.എൽ.എയും ഗായികയുമായ അദിതി മുൻഷി പറഞ്ഞു.

‘ബംഗാളിന്‍റെ എല്ലാ പെൺമക്കളും ശ്രേഷ്ഠരാണ്, തങ്ങളുടെ പെൺമക്കളെ സ്വർണത്തിൽ പൊതിയാനാണ് എല്ലാ മാതാപിതാക്കളും ആഗ്രഹിക്കുന്നത്. സ്വർണ മാസ്‌കെന്ന ആശയത്തിന് പിന്നിൽ അതാണ്. കൂടാതെ മാസ്‌ക് ധാരണത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് വേണ്ടക്കൂടിയാണ് അത്തരമൊരാശയം. കൊവിഡിനെ അകറ്റി നിർത്താൻ ഡോക്ടർമാരുടെ നിർദേശം കൃത്യമായി പാലിക്കുക തന്നെ വേണമെന്നും അദിതി മുൻഷി കൂട്ടിച്ചേർത്തു.

0Shares