
കാസർകോട്: നിയമ പോരാട്ടം തുടരുന്ന റിയാസ് മൗലവി വധക്കേസ് ഹൈക്കോടതി മെയ് 25ന് പരിഗണിക്കും. സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചതിനാൽ പ്രതികൾക്ക് കർശന നിർദേശം നൽകി, ജില്ലാ കോടതിൽ ഹാജരാവാൻ ആവശ്യപ്പെട്ടിരുന്നു. കാസർകോട് പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെ വിട്ട പ്രതികൾക്ക് ഹൈക്കോടതി നിർദേശ പ്രകാരം കഴിഞ്ഞ ദിവസം ജില്ലാ കോടതി ജാമ്യം അനുവദിച്ചു.
പ്രതികൾക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ സമര്‍പ്പിച്ച അപ്പീലിൽ പറഞ്ഞിരുന്നു. തെളിവുകൾ പരിശോധിക്കുന്നതിൽ വിചാരണ കോടതി പരാജയപ്പെട്ടു, എന്ന കുറ്റപ്പെടുത്തലിനൊപ്പം ഏഴ് വർഷം ജാമ്യം ലഭിക്കാതെ പ്രതികൾ ജയിലിൽ കിടന്നത് തെളിവ് ശക്തമായതിനാൽ ആണെന്നും സര്‍ക്കാര്‍ ഹര്‍ജിയിലുണ്ട്.

ഹൈക്കോടതി നിർദേശ പ്രകാരം പ്രതികൾ ജില്ലാ കോടതിയിൽ ഹാജരായി രണ്ട് ആൾ ജാമ്യവും ബോണ്ട് സമർപ്പിക്കുകയും ചെയ്‌തു. ഇതോടെയാണ് പ്രതികൾക്ക് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾ ഒളിവിൽ പോവാതിരിക്കാനും നാട് വിടാതിരിക്കാനും ആണ് കോടതി കർശന ഉപാധികൾ മുന്നോട്ട് വെച്ചത്. വിചാരണ കോടതിയുടെ പരിധി വിട്ടുപോകരുത്, പാസ്‌പോർട്ട് ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം നൽകിയത്.
കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്‌ജി കെ.കെ ബാലകൃഷ്‌ണനാണ് കേസില്‍ വിധി പറഞ്ഞത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്‌ജിയായിരുന്നു കെ.കെ ബാലകൃഷ്‌ണൻ.
2017 മാർച്ച് 20 നാണ് പഴയ ചൂരി മന്ദ്രസ അധ്യാപകനായിരുന്നു കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയത്. പള്ളിയിൽ കയറിയാണ് ആക്രമികൾ കൃത്യം നടത്തിയത്. സംഭവത്തിന് പിന്നിൽ ആർ.എസ്.എസ് പ്രവർത്തകരായിരുന്നു എന്ന് പോലീസ് വ്യക്തമാക്കിയിരുന്നു.
ഹൈക്കോടതി കേസ് മെയ് 25 ന് പരിഗണിക്കുന്നതോടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ. റിയാസ് മൗലവിയുടെ ഭാര്യ സമർപ്പിച്ച അപ്പീലും ഹൈക്കോടതി പരിഗണനയിലാണ്.
