ടി.പി ചന്ദ്രശേഖരൻ വധക്കേസ്; പത്ത് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു; രണ്ടുപേരെ വെറുതെ വിട്ടത് റദ്ദാക്കി

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ടി.പി ചന്ദ്രശേഖരൻ വധക്കേസ്; പത്ത് പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു; രണ്ടുപേരെ വെറുതെ വിട്ടത് റദ്ദാക്കി

കൊച്ചി: ആർ.എം.പി നേതാവ് ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് തിരിച്ചടി. വിചാരണ കോടതിയുടെ ശിക്ഷ വിധി ഹൈക്കോടതി ശരിവെച്ചു. ശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച അപ്പീലിലാണ് കോടതിയുടെ വിധി വന്നിരിക്കുന്നത്. അതേസമയം, പി.മോഹനനെ വെറുതെ വിട്ട വിധിയും ഹൈക്കോടതി ശരിവച്ചു. 12 പ്രതികളാണ് ശിക്ഷാ വിധിക്കെതിരെ അപ്പീൽ നൽകിയത്. സി.പി.എം നേതാവ് പി.മോഹനൻ ഉൾപ്പെടെയുള്ളവരെ വിട്ടയച്ചതിന് എതിരെയാണ് കെ.കെ രമ അപ്പീൽ സമർപ്പിച്ചത്. ജസ്റ്റിസ് എ.കെ ജയശങ്കർ നമ്പ്യാർ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

പ്രതികളായ കെ.കെ കൃഷ്ണൻ, ജ്യോതി ബാബു എന്നിവരെ വെറുതെവിട്ട വിചാരണ കോടതി വിധിയാണ് റദ്ദാക്കിയത്. ഇവർക്കുള്ള ശിക്ഷ 26ന് കോടതി വിധിക്കും. ഈ പ്രതികൾ 26ന് നേരിട്ട് ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

വടകര വള്ളിക്കാട് 2012 മേയ് നാലിനാണ് ആർ.എം.പി സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരനെ ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുതിയത്. വിചാരണയ്ക്ക് ശേഷം 2014ൽ എം.സി അനൂപ്, കിർമാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, സി.പി.എം പാനൂർ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി.കെ കുഞ്ഞനന്തൻ അടക്കം 11 പ്രതികളെ ജീവപര്യന്തം തടവിനും കണ്ണൂർ സ്വദേശി ലംബു പ്രദീപിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചിരുന്നു.

36 പ്രതികളുണ്ടായിരുന്ന കേസിൽ സി.പി.എം നേതാവായ പി.മോഹനൻ ഉൾപ്പെടെ 24 പേരെ വിട്ടയച്ചു. ശിക്ഷ അനുഭവിക്കുന്നതിനിടെ പി.കെ കുഞ്ഞനന്തൻ 2020 ജൂണിൽ മരിച്ചിരുന്നു. കൊലപാതകത്തിന് പിന്നിൽ വലിയ രാഷ്ട്രീയ ഗൂഢാലോചന ഉണ്ടെന്നാണ് കെ.കെ രമ വാദിച്ചത്. ചന്ദ്രശേഖരൻ സി.പി.എമ്മിൽ നിന്നു വിട്ടുപോയി തൻ്റെ സ്വദേശമായ ഒഞ്ചിയത്ത് ആർ.എം.പി എന്ന പേരിൽ പുതിയ പാർട്ടിഉണ്ടാക്കിയതിന് പകരം വീട്ടാൻ സി.പി.എമ്മുകാരായ പ്രതികൾ കൊല നടത്തിയെന്നാണ് പ്രോസിക്യൂഷൻ കേസ്.

0Shares