
പത്തനംതിട്ട / അടൂർ: ഏഴംകുളം തേപ്പുപാറ കണിയാകുഴി മേലേതില്‍ വീട്ടില്‍ മണിക്കുട്ടൻ (50) മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലമുക്ക് തേപ്പുപാറ റോഡില്‍ തോടിൻ്റെ കലുങ്കില്‍ നിന്ന് താഴേക്ക് വീണ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ശനിയാഴ്‌ച ഏഴംകുളം ദേവീ ക്ഷേത്രത്തിലെ തൂക്കം വഴിപാടില്‍ ഇയാള്‍ തൂക്കക്കാരനായി ഉണ്ടായിരുന്നു.
ഞായറാഴ്‌ച ഇയാളുടെ മകൻ പ്രമുഖ അഭിഭാഷകൻ്റെ മകനുവേണ്ടി തൂക്കക്കാരനായി ഉണ്ടായിരുന്നു. ആ സമയവും മണിക്കുട്ടൻ സഹായിയായി ക്ഷേത്രത്തില്‍ ഉണ്ടായിരുന്നു. ഇതിനുശേഷം ഇവിടെ നിന്നും പോയ മണിക്കുട്ടനെ കലുങ്കിന് സമീപം കണ്ടതായി പറയുന്നു. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.
ശനിയാഴ്‌ച ഏഴംകുളം ക്ഷേത്രത്തിലെ തൂക്കം വഴിപാടിനിടെ കുഞ്ഞ് താഴെ വീണിരുന്നു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരൻ്റെ കൈയില്‍ നിന്നും വീണത്. കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി സിനുവിനെ പ്രതിചേര്‍ത്ത് അടൂർ പോലീസ് കേസെടുത്തിരുന്നു. ഇയാളുടെ അശ്രദ്ധ കൊണ്ടാണ് കുഞ്ഞ് വീണു പരിക്കേറ്റത് എന്നാണ് എഫ്.ഐ.ആര്‍. ക്ഷേത്രത്തിലെ വഴിപാടായ ഗരുഡന്‍ തൂക്കത്തിനിടെയാണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് നിലത്ത് വീണത്.
കുഞ്ഞിൻ്റെ കൈ ഒടിഞ്ഞതായാണ് റിപ്പോര്‍ട്ടുകൾ. വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ആചാരം നടത്തുന്നതെന്ന വിമര്‍ശനവും ശക്തമാണ്. സംഭവത്തില്‍ നടപടിയെടുക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്.
തൂക്കം വഴിപാട് ചടങ്ങിനിടെ കുഞ്ഞു താഴെ വീഴുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. പത്തനംതിട്ടയിലെ ഏറെ പ്രശസ്‌തമായ ക്ഷേത്രമാണ് ഏഴംകുളം ദേവീ ക്ഷേത്രം. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പ്പെടെ ഈ ആചാരത്തിൻ്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്‌ധിക്കും ആഗ്രഹ പൂര്‍ത്തീകരണത്തിനും ആയാണ് തൂക്കവഴിപാട് നടത്തുന്നതെന്ന് വിശ്വാസികൾ പറയുന്നു.
