
കോൺഗ്രസ് ദേശീയ അധ്യക്ഷ തെരഞ്ഞടുപ്പിനുളള മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ പ്രചരണത്തിനിറങ്ങരുത്. ആർക്കെങ്കിലും അനുകൂലമായോ പ്രതികൂലമായോ പ്രചരണം നടത്തരുത്.പ്രചരണം നടത്താൻ താത്പര്യമുളള ഉന്നത സ്ഥാനത്തിരിക്കുന്നവർ പദവി രാജിവെക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
പി.സി.സി അധ്യക്ഷൻമാർ യോഗം വിളിക്കരുത്.ലഘുലേഖകൾ വിതരണം ചെയ്യുന്നതിനും വോട്ടർമാരെ കൂട്ടമായി കൊണ്ടുവരുന്നതിനും വിലക്കേർപ്പെടുത്തി. കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റിയാണ് മാർഗനിർദേശം പുറത്തിറക്കിയത്. സ്ഥാനാർത്ഥികളായ മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്കും ശശി തരൂർ എം.പിക്കും വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കണമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

സ്ഥാനാർത്ഥികൾക്ക് വോട്ടർമാരായ പി.സി.സി പ്രതിനിധികളുമായി കൂടിക്കാഴ്ച്ചക്ക് സൗകര്യമൊരുക്കണം. മാർഗനിർദേശങ്ങളിൽ വീഴ്ച വരുത്തിയാൽ സ്ഥാനാർത്ഥിത്വം റദ്ദാക്കും. പരസ്പരം ദുഷ്പ്രചരണം നടത്തുന്നത് തടയാൻ ജാഗ്രത പുലർത്തണം. ഇത്തരം നടപടികൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുമെന്നും മാർഗ നിർദേശത്തിൽ പറയുന്നു.
