ലോറി തടഞ്ഞ് ഡ്രൈവര്‍മാരെ ബൈക്കുകളിൽ എത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

  • Post category:local news / news
  • Reading time:1 min read
You are currently viewing ലോറി തടഞ്ഞ്  ഡ്രൈവര്‍മാരെ ബൈക്കുകളിൽ എത്തിയ സംഘം ക്രൂരമായി മര്‍ദ്ദിച്ചു; പോലീസ് അന്വേഷണം ആരംഭിച്ചു

കുമ്പള / കാസർകോട്: മൊഗ്രാലിന് സമീപം ദേശീയപാതയില്‍ പത്തോളം ബൈക്കുകളിൽ എത്തിയ സംഘം ലോറി തടയുകയും ഡ്രൈവര്‍മാരെ വലിച്ചിറക്കി റോഡിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മീനിന് ഉപയോഗിക്കുന്ന പൊടിയുമായി പോവുകയായിരുന്ന ലോറിയുടെ ഡ്രൈവര്‍മാരാണ് അക്രമത്തിനിരയായത്.

ലോറി ദേശീയപാതയിലെ സര്‍വീസ് റോഡിലൂടെ ഓടി കൊണ്ടിരിക്കുന്നതിനിടെ പത്തോളം ബൈക്കുകളിലായി പതിനഞ്ചുപേര്‍ ലോറിയെ പിന്തുടര്‍ന്നു. തലങ്ങും വിലങ്ങും ഓടിച്ച ബൈക്കുകള്‍ ലോറിക്ക് മുന്നിലെത്തിയപ്പോള്‍ വാഹനം കടന്നുപോകാന്‍ അനുവദിക്കാതെ നിരവധി തവണ ബ്രേക്ക് ചവിട്ടി. ഇതിനിടെ സംഘത്തിലെ ഒരാള്‍ ലോറിയുടെ ടയര്‍ തട്ടി താഴെ വീണു. ഇതോടെ മറ്റുള്ളവര്‍ ബഹളം വെച്ചു. റോഡിലേക്ക് വീണയാള്‍ ലോറിയിലുണ്ടായിരുന്നവര്‍ ബ്രേക്ക് ചവിട്ടിയതോടെ വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു.

സംഘം എന്നാൽ കൂടുതല്‍ പ്രകോപിതരാവുകയും ലോറി ഡ്രൈവര്‍മാരും ആന്ധ്രാ സ്വദേശികളുമായ നാഗരാജ റെഡ്ഡി(38), ശ്രീനിവാസന്‍(32) എന്നിവരെ ലോറിയില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും റോഡിലിട്ട് ചവിട്ടുകയും ചെയ്‌തു. ഡ്രൈവര്‍മാരുടെ കൈകാലുകളില്‍ ആയുധങ്ങള്‍ കൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു.

റോഡില്‍ കൂടുതല്‍ വാഹനങ്ങള്‍ വന്നതോടെ സംഘം ബൈക്കുകളില്‍ സ്ഥലം വിടുകയായിരുന്നു. ലോറി ഡ്രൈവര്‍മാര്‍ ഉടന്‍ തന്നെ കുമ്പള പൊലീസ് സ്റ്റേഷനിലെത്തി പരാതി പറഞ്ഞു. പൊലീസി സഹായത്തോടെ ചികിത്സ തേടി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

0Shares