
ഏക്കര്‍ കണക്കിനുള്ള പ്രദേശത്ത് പരന്നുകിടക്കുന്ന ഇരുപതടി വരെ ഉയരമുള്ള മാലിന്യക്കൂമ്പാരങ്ങളുടെ അടിയില്‍ ഓക്‌സിജൻ്റെ അഭാവത്തിലുള്ള വിഘടന പ്രക്രിയകളാണ് (Anaerobic Decomposition) സംഭവിക്കുന്നത്.
ബ്രഹ്മപുരത്ത് തീപിടിത്തം ഒരാഴ്‌ച പിന്നിടുന്നു. ദിവസങ്ങള്‍ പരിശ്രമിച്ചിട്ടും തീ അണയ്‌ക്കാന്‍ കഴിയുന്നില്ല. സംഭവിക്കുന്നത് ഇതാണ്.
രൂപം കൊള്ളുന്ന മീഥെയ്ന്‍ വാതകം ജ്വലനത്തെ ത്വരിതപ്പെടുത്തും. അതുകൊണ്ടാണ് ദിവസങ്ങള്‍ പരിശ്രമിച്ചിട്ടും തീ പൂര്‍ണമായും അണയ്ക്കാനാവാത്തത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിപ്പുകഞ്ഞു നഗരം മുഴുവന്‍ വ്യാപിക്കുമ്പോള്‍ അതിൻ്റെ ഭവിഷ്യത്ത് എന്തായിരിക്കും? ഒപ്പം പ്ളാസ്റ്റിക് എന്ന ഭീകരൻ്റെ അന്തകമുഖത്തെ കുറിച്ച് ഒരോര്‍മ്മപ്പെടുത്തലാണ് ബ്രഹ്മപുരത്തെ തീയും പുകയും.

പൂര്‍ണമായി കത്താതെ അവശേഷിക്കുന്ന കാര്‍ബണ്‍ ഘടകങ്ങളാണ് പുകയായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്. ബ്രഹ്മപുരത്ത് തീ ഏറ്റവുമധികം ശക്തമായി പടര്‍ന്ന കഴിഞ്ഞ ഞായറാഴ്‌ച, വൈറ്റിലയിലെ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ (പൊടിപടലങ്ങളുടെ സൂക്ഷ്മകണങ്ങള്‍) 2.5ൻ്റെ മൂല്യം 441 ആയിരുന്നു. അനുവദനീയമായ അളവിൻ്റെ ആറിരട്ടിയില്‍ അധികമാണിത്.
ഈ വാതകം ശ്വസിക്കുന്നത് ആരോഗ്യമുള്ളവരില്‍ പോലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടായേക്കാം. പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 10ൻ്റെ അളവും കൂടുതലാണ്. 333 വരെ അത് ഉയര്‍ന്നു. ശ്വസന പ്രക്രിയയിലൂടെ പാര്‍ട്ടിക്കുലേറ്റ് മാറ്റര്‍ ശ്വാസകോശത്തിൻ്റെ ആഴങ്ങളിലേക്കാണ് എത്തുന്നത്. കുട്ടികളെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. ചുമ, ശ്വാസതടസം, കണ്ണുകള്‍ക്ക് അസ്വസ്ഥത, ഒപ്പം മുതിര്‍ന്നവരില്‍ വന്ധ്യത എന്നിവ ഉണ്ടായേക്കാം.
പുകയ്‌ക്കുള്ളിലെ മാരക വിപത്ത്
ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റില്‍ കാന്‍സറുണ്ടാക്കുന്ന കാരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പ്രാധാന്യത്തോടെ നല്‍കിയിരിക്കുന്നവയാണ് പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന വാതകങ്ങള്‍. ഡയോക്‌സിന്‍സ് (Dioxins), ഫുറാന്‍ (Furans), മെര്‍ക്കുറി (Mercury), സള്‍ഫ്യൂരിക് ആസിഡ്, സള്‍ഫര്‍ ഡയോക്‌സൈഡ്, കാര്‍ബണ്‍ മോണോക്‌സൈഡ് എന്നിങ്ങനെ സസ്യങ്ങളെയും മൃഗങ്ങളെയും ഒരുപോലെ അപകടത്തിലാക്കുന്ന മാരകമായ വാതകങ്ങളാണ് പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്നത്. പ്ലാസ്റ്റികില്‍ അടങ്ങിയിരിക്കുന്ന സ്റ്റെറിന്‍ (Styrene) ശ്വസിക്കുന്നത് ശ്വാസകോശ കാന്‍സറിന് കാരണമാകുന്നു. പി.വി.സി പോലെയുള്ള ഓര്‍ഗാനിക് ക്‌ളോറിന്‍ പദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏറ്റവും മാരകമായ ഡയോക്‌സിനുകള്‍ ഗര്‍ഭിണികളുടെ ശരീരത്തിലെ കൊഴുപ്പുകളില്‍ കെട്ടിക്കിടക്കുകയും അമ്മയുടെ ശരീരത്തില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലേക്ക് എത്തുകയും ചെയ്യും.

വെള്ളത്തിലൂടെ ചെടികളിലും ഫലങ്ങളിലും അതുവഴി മനുഷ്യ ശരീരത്തിലുമെത്തും. ബ്രഹ്മപുരം കത്താന്‍ തുടങ്ങിയിട്ട് എട്ടുദിവസമാകുമ്പോള്‍ എത്രയധികം ഡയോക്‌സിനുകളും കാര്‍ബണ്‍ മോണോക്‌സൈഡും അന്തരീക്ഷത്തില്‍ വ്യാപിച്ചെന്നും അവ എത്ര മനുഷ്യരുടെ ശരീരത്തില്‍ എത്തിയിട്ടുണ്ടാകുമെന്നും ഊഹിക്കാമല്ലോ.
നാളെകള്‍ ആശങ്കയുടേതോ?
ഉണങ്ങിയ ഇലകള്‍ കത്തുമ്പോഴുണ്ടാകുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ്, സള്‍ഫര്‍ ഡയോക്‌സൈഡ് എന്നിവപോലും അപകടമാവുന്ന സാഹചര്യത്തില്‍ ടണ്‍ കണക്കിന് പ്ലാസ്റ്റിക് കത്തുന്നത് ഒരുപക്ഷേ ഇന്ന് മാത്രമല്ല, നാളെകളെപ്പോലും ബാധിച്ചേക്കാം. പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന രാസപദാര്‍ത്ഥങ്ങളെല്ലാം ഒരു തലമുറയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല. ഡയോക്‌സിന്‍ പോലെയുള്ളവ പൊക്കിള്‍ക്കൊടിയിലൂടെ അടുത്ത തലമുറയിലേക്കുകൂടി കടക്കുമ്പോള്‍ ഇനി എത്ര തലമുറകള്‍ ഈ വലിയ പ്രശ്‌നത്തിൻ്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്ന് ഇപ്പോള്‍ പറയാനാവില്ല. ചുരുക്കിപ്പറഞ്ഞാല്‍, ഇപ്പോള്‍ ബ്രഹ്മപുരത്തുണ്ടായ ഈ പ്രശ്‌നങ്ങള്‍ പ്ലാസ്റ്റിക് എരിഞ്ഞു തീരുന്നതോടെ അവസാനിക്കുമെന്ന് ഉറപ്പിച്ചുപറയാനാവില്ല.
പരിഹാരങ്ങള്‍?
പരിഹാരങ്ങള്‍ താത്‌കാലികമാണെങ്കിലും, ജീവനോളം തന്നെ വിലയുള്ള ജാഗ്രത ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ടതുണ്ട്. പ്ളാസ്‌റ്റിക് പുകയുള്ള സാഹചര്യത്തില്‍ എന്‍ 95 മാസ്‌ക് കൊവിഡ് കാലത്തെന്ന പോലെ കൃത്യമായി ഉപയോഗിക്കണം. പ്ലാസ്റ്റിക് കത്തിക്കുമ്പോഴുണ്ടാകുന്ന പുക ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കുട്ടികളെയും പ്രായമായവരെയുമാണ്. ഗര്‍ഭിണികളില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയേക്കാം. രണ്ടുനേരം കുളിക്കുന്നതും, ഇടയ്‌ക്കിടെ മുഖം കഴുകുന്നതും ശീലമാക്കുക.
ബ്രഹ്‌മപുരത്ത് നിന്നുള്ള പ്ളാസ്‌റ്റിക് പുകയുടെ ഗന്ധം പടരുന്ന, പുക വന്നെത്താന്‍ സാദ്ധ്യതയുള്ള പ്രദേശങ്ങളിലെ ആളുകള്‍ രാവിലെ നടക്കാന്‍ പോകുന്നതും, പുറത്തു വ്യായാമം ചെയ്യുന്നതും ഒഴിവാക്കുക. വീടുകളുടെ ജനാലയും, വാതിലുകളും തല്‍ക്കാലം അടഞ്ഞുതന്നെ കിടക്കട്ടെ. ബ്രഹ്മപുരത്തെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നതുവരെ എ.സികള്‍ റീസര്‍ക്കുലേറ്റ് മോഡില്‍ മാത്രം ഉപയോഗിക്കാന്‍ ശ്രമിക്കുക. കുട്ടികളെ തല്‍ക്കാലം പുറത്തു കളിക്കാനും വിടേണ്ടതില്ല. പ്ലാസ്റ്റിക്കിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചു അത്രമേല്‍ ബോധവാന്മാരല്ലാത്തതിനാലാണോ എന്നറിയില്ല ജാഗ്രതയും മുന്‍കരുതലുകളും വേണ്ടത്ര ശക്തമല്ല. എന്നാല്‍, അതിന്റെ ദൂരവ്യാപകപ്രത്യാഘാതങ്ങള്‍ ഇനിയും മനസിലാക്കണം.
