
മഡിയൻ / കാസർകോട്: ആത്മീയ മാർഗ്ഗത്തിലൂടെ പ്രശ്‌നപരിഹാരം തേടിപ്പോയ മുൻ പ്രവാസിയായ കുടുംബനാഥനെയും ഭാര്യയെയും യുവതികളായ മക്കളെയും വ്യാജ സിദ്ധൻ വലയിലാക്കി. അജാനൂർ മഡിയനിലെ കുടുംബാംഗവും ആദ്യകാല പ്രവാസിയും ഭൂവുടമയുമായ കുടുംബനാഥനെയും കുടുംബത്തെയുമാണ് കഴിഞ്ഞ ചെറിയ പെരുന്നാളിന് ഒരാഴ്‌ച മുമ്പ് മാണിക്കോത്തെ വീട്ടിൽ നിന്നും കാണാതായത്.
വീടുവിട്ടിറങ്ങിയ കുടുംബം കണ്ണൂർ ജില്ലയിലെ കക്കാട് എന്ന പ്രദേശം കേന്ദ്രീകരിച്ച് ആത്മീയ ചികിത്സ നടത്തിവരുന്ന ഒരു വ്യാജ സിദ്ധൻ്റെ വലയത്തിൽ അകപ്പെട്ടതായുള്ള വിവരം അന്വേഷണത്തിലാണ് ബന്ധുക്കൾക്ക് ലഭിക്കുന്നത്. സിദ്ധൻ്റെ വലയത്തിലകപ്പെട്ട ബന്ധുക്കൾ ഇതോടെ ആശങ്കയിലായി. സാമ്പത്തിക ഭദ്രതയും നല്ല വീടും സൗകര്യങ്ങളും മതബോധവുമുള്ള കുടുംബത്തിൻ്റെ അപ്രതീക്ഷിതമായ തിരോധാനത്തിനെതിരെ അയൽവാസികളും നാട്ടുകാരും രംഗത്തിറങ്ങി.

കുടുംബത്തിലെ പ്രശ്‌നം മറയാക്കി അദ്ദേഹത്തെയും കുടുംബത്തെയും സിദ്ധൻ ചൂഷണം ചെയ്‌തു വരികയാണെന്നാണ് ബന്ധുക്കളുടെ ആരോപണം. സിദ്ധൻ്റെ ഇംഗിതത്തിന് വിധേയനായി കുടുംബത്തിൽ തകർച്ചയ്ക്ക് മുമ്പേ മായാവലയത്തിൽ നിന്നും രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുസ്ലിം ജമാഅത്ത് കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു.
പാരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം ജമാ അത്ത് കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ ഒരു സംഘം കണ്ണൂർ, കക്കാട്ടുള്ള സിദ്ധൻ്റെ ആത്മീയ കേന്ദ്രത്തിലേക്ക് പുറപ്പെട്ടെങ്കിലും, അവിടെ എത്തുമ്പോഴേക്കും മഡിയനിലെ കുടുംബത്തെയും കൂട്ടി സിദ്ധൻ മറ്റൊരു താവളത്തിലേക്ക് രക്ഷപ്പെടുകയായിരുന്നു. ചിലരോട് സിദ്ധനെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് വസ്‌തു ഇടനിലക്കാരനായിരുന്ന സിദ്ധൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. സംഭവത്തിൽ അന്വേഷണം തുടരുന്നുണ്ട്.
