
അതെ, സംഭവം സത്യമാണ്. അഞ്ച് പെൺകുട്ടികൾ തന്നെ ശല്യം ചെയ്തുവെന്ന് കാണിച്ച് പോലീസിന് പരാതി നൽകിയത് ഒരു എട്ട് വയസുകാരൻ. കോഴിക്കോട് ജില്ലയിലെ കസബ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പെൺകുട്ടികളെക്കൊണ്ട് വല്ലാത്ത ശല്യമാണ്. അവരെ അറസ്റ്റ് ചെയ്യണം എന്ന് പരാതിയില്‍ എഴുതിയ എട്ട് വയസുകാരൻ ഉമർ ബിനാലിന്റെ പരാതി കണ്ട് ഞെട്ടിയത് കസബ സ്റ്റേഷനിലെ പോലീസുകാരാണ്.

ഇവര്‍ പരാതി കിട്ടിയ ഉടൻ തന്നെ സംഭവത്തെ കുറിച്ച് അന്വേഷണവും ആരംഭിച്ചു. അന്വേഷണം ആരംഭിച്ച് കഴിഞ്ഞപ്പോഴാണ് സംഗതി എന്താണെന്ന് ജനമൈത്രി പോലീസിന് മനസിലായത്.പരാതിക്കാരനായ ബിനാലിന്‍റെ സഹോദരി ഉൾപ്പെടെയുള്ള പെൺകുട്ടികളുടെ സംഘത്തിൽ തന്നെ ഉൾപ്പെടുത്താതത് കൊണ്ടും കളിക്ക് കൂട്ടാത്തതിനാലുമാണ് ബിനാൽ നീതിക്കായി പോലീസിനെ സമീപിച്ചത്.
ഇതിനെല്ലാം പുറമേ പെൺകുട്ടികൾ തന്നെ വല്ലാതെ കളിയാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ബിനാൽ താനനുഭവിച്ച കാര്യങ്ങള്‍ പോലീസിനോട് വിശദമാക്കുകയും ചെയ്തു. അയൽവീടുകളിലെല്ലാം പെൺകുട്ടികളായതുകൊണ്ട് ആൺകുട്ടികൾ ബിനാലിന് കൂട്ടായി ഇല്ല. ലോക്ക്ഡൗൺ ആയതുകൊണ്ട് മറ്റ് കൂട്ടുകാരെ കിട്ടാനുമില്ല. താൻ ഒരു ആൺകുട്ടിയായത് കൊണ്ട് പെൺകുട്ടികളുടെ കൂട്ടത്തിൽ കൂടണ്ട എന്നവർ പറഞ്ഞതായും ഉമർ ബിനാൽ പറയുന്നു. ഇതെല്ലാം കേട്ടാണ് ഉടൻ തന്നെ കസബ പൊലീസ് ആക്ഷനെടുത്തത്.
എന്തായാലും ഒടുവില്‍ പോലീസുകാർ എത്തിയതോടെ പെൺപട പേടിച്ചു. ഇപ്പോൾ കളിക്കാൻ കൂട്ടാൻ തുടങ്ങിയെന്നും ബിനാൽ തനിക്ക് നീതി ലഭിച്ച ആശ്വാസത്തിൽ പറയുന്നു. കുട്ടികൾക്ക് പോലും പരാതിയുമായി പോലീസിനെ സമീപിക്കാം എന്നതിന്‍റെ ലക്ഷണമായാണ് താൻ ഈ സംഭവത്തെ കാണുന്നതെന്ന് കസബ സി.ഐ ബിനു തോമസ് പ്രതികരിച്ചു.
