
കഴിഞ്ഞ ദിവസം എസ്ടി കോളനിയിൽ കോവിഡ് വാക്സിനേഷൻ ചെയ്യാനെത്തിയ ഡോക്ടറാണ് വീട്ടമ്മയ്ക്കു വാക്സീനെടുക്കാൻ അൽപനേരത്തേക്ക് ആട്ടിടയനായത്. പാലക്കാട് പെരുമാട്ടി എല്ലക്കാട് കോളനിയിൽ വാക്സീൻ നൽകാനെത്തിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫിസർ ഡോ. റിയാസാണ് കോളനിയിലെ മഞ്ജുളാത്താളിനെ തേടി ആടുമേയ്ക്കുന്ന സ്ഥലത്തെത്തിയത്.

വാക്സീനെടുക്കാൻ വിളിച്ചപ്പോൾ ആടുമേയ്ക്കുകയാണെന്നും വരാനാവില്ലെന്നും പറഞ്ഞ് ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഡോക്ടർ പിൻമാറിയില്ല.നിങ്ങൾ പോയി വരുന്നതുവരെ ആടുകളെ ഞാൻ നോക്കാമെന്നു പറഞ്ഞ് ഡോക്ടർ മുന്നോട്ടുവരികയായിരുന്നു.
മഞ്ജുളാത്താൾ വീട്ടിൽ നിന്ന് ആധാർ കാർഡുമായി വാക്സിനേഷൻ കേന്ദ്രത്തിലെത്തി കുത്തിവയ്പെടുത്തു തിരിച്ചെത്തുന്ന അരമണിക്കൂറോളം 13 ആടുകളെ നിയന്ത്രിക്കാൻ ഡോക്ടർ അൽപം ബുദ്ധിമുട്ടി. എങ്കിലും ആശാവർക്കർമാരുടെ സഹായത്തോടെ ആടുകളെ സുരക്ഷിതമായി മഞ്ജുളാത്താളിന്‍റെ പക്കൽ തിരികെ
ഏൽപിച്ചപ്പോഴാണ് ഡോ. റിയാസിനു സമാധാനമായത്.
