സി.പി.എം ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട, വധഭീഷണിയിൽ പതറില്ലെന്ന് കെ. കെ രമ

  • Post category:news
  • Reading time:1 min read
You are currently viewing സി.പി.എം ഓലപ്പാമ്പു കാട്ടി പേടിപ്പിക്കേണ്ട, വധഭീഷണിയിൽ പതറില്ലെന്ന് കെ. കെ രമ

ടി. പി ചന്ദ്രശേഖരന്‍റെ മകനെയും ആർ.എം.പി സംസ്ഥാന സെക്രട്ടറിയെയും വധിക്കുമെന്ന് കാട്ടി വന്ന ഭീഷണിക്കത്തിൽ പ്രതികരണവുമായി കെ. കെ രമ എം. എൽ. എ. വധഭീഷണിയിൽ പതറില്ലെന്നും സി.പി.എം ഓലപ്പാമ്പു കാട്ടി ഭീഷണിപ്പെടുത്താൻ നേക്കേണ്ടെന്നും കെ. കെ രമ പ്രതികരിച്ചു.

‘ഇതുകൊണ്ടൊന്നും പേടിക്കുകയോ തളരുകയോ ചെയ്യുന്ന ആളുകളല്ല ഞങ്ങൾ. സഖാവ് ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സി.പി.എം എന്ന പാർട്ടിക്കെതിരെയാണ് ഞങ്ങൾ. അവരുടെ തെറ്റായ നയങ്ങളെ ഇതുപോലുള്ള ക്രിമിനൽ പ്രവർത്തനങ്ങളെ, സ്വർണക്കള്ളക്കടത്തുപോലുള്ളവയിൽ ഏർപ്പെട്ടവരെയൊക്കെ വളരെ ശക്തമായ നിലയിൽ ഞങ്ങൾ എതിർക്കും. ആ സത്യാവസ്ഥ പൊതുസമൂഹത്തിനുമുന്നിൽ ഇനിയും ഞങ്ങൾ തുറന്നുകാണിക്കും.

ഈ കത്തുകൊണ്ട് ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുത്താമെന്നുള്ള ഒരു വ്യാമോഹവും ഇതിന്‍റെ പിന്നിൽ പ്രവർത്തിക്കുന്ന ആർക്കും വേണ്ട’, കെ. കെ രമ വ്യക്തമാക്കി. എ.എൻ. ഷംസീർ പങ്കെടുക്കുന്ന ചാനൽ ചർച്ചകളിൽ ആർ.എം.പിക്കാർ പങ്കെടുക്കരുതെന്നും ഭീഷണിക്കത്തിലുണ്ടായിരുന്നു. റെഡ് ആർമി കണ്ണൂർ ആൻഡ് പി.ജെ ബോയ്‌സ് എന്ന പേരിലുള്ള കത്ത് കോഴിക്കോട് നിന്നാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്.

അതേസമയം, ഭീഷണിക്കത്തിൽ വടകര പൊലീസ് കേസെടുത്തു. കെ.കെ. രമ എം.എൽ.എയുടെയും എൻ.വേണുവിന്‍റെയും വീടുകളിൽ സുരക്ഷ ശക്തമാക്കി. ആർ.എം.പി ഓഫിസിലും കാവൽ ഏർപ്പെടുത്തുമെന്ന് എസ്.പി. ഡോ. ശ്രീനിവാസ് അറിയിച്ചു.

0Shares