
കേരളാ കോൺഗ്രസ് എം ഉൾപ്പെടെയുള്ള ഘടകക്ഷികൾ വഴി ലഭിക്കുന്ന പുതിയ സീറ്റുകൾക്ക് പുറമേ നേമവും തൃത്താലയും അടക്കം പത്തോളം സീറ്റുകൾ പുതുതായി പിടിച്ചെടുക്കാനാവുമെന്ന കണക്കുകൂട്ടലിൽ സി.പി.എം. നിലവിലുള്ള പല മണ്ഡലങ്ങളും നഷ്ടപ്പെടുമെങ്കിലും എൽ.ഡി.എഫിന് എൺപത് സീറ്റ് ഉറപ്പാണെന്നും സി.പി.എം വിലയിരുത്തുന്നു.

കൊല്ലം, കരുനാഗപ്പള്ളി, ചവറ, തൃശൂർ, ഒറ്റപ്പാലം തുടങ്ങി പല സിറ്റിംഗ് സീറ്റുകളും ഉറപ്പല്ലെന്നാണ് ജില്ലാ ഘടകങ്ങൾ നൽകിയ റിപ്പോർട്ട്. എന്നാൽ നഷ്ടപ്പെടുന്നതിലേറെ സീറ്റുകൾ ഇക്കുറി പുതുതായി ലഭിക്കുമെന്നും ശക്തമായ ത്രികോണമത്സരം നടന്ന നേമം ബി.ജെ.പിയിൽ നിന്ന് പിടിച്ചെടുക്കാനാവുമെന്നും ആണ് കണക്കുകൂട്ടൽ . വി.ശിവൻകുട്ടി അയ്യായിരം മുതൽ ഏഴായിരം വരെ വോട്ടുകൾക്കു നേമത്ത് വിജയിക്കുമെന്നാണ് പാർട്ടിക്ക് ലഭിച്ച റിപ്പോർട്ട്.
സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം നടന്ന തൃത്താലയിൽ മുവായിരത്തോളം വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ എം.ബി.രാജേഷ് വിജയിക്കും. എന്നാൽ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ വോട്ടുകളിൽ വലിയ കുറവുണ്ടായാൽ വിജയം വി.ടി.ബൽറാമിനൊപ്പം നിൽക്കുമെന്നും കണക്കുകൾ പറയുന്നു. അഴീക്കോട് മണ്ഡലത്തിൽ കെ.എം.ഷാജിയെ പരാജയപ്പെടുത്താൻ കെ.വി.സുമേഷിന് കഴിയും. വടക്കഞ്ചേരി അനിൽ അക്കരയിൽ നിന്നും സേവ്യർ ചിറ്റിലപ്പള്ളി പിടിച്ചെടുക്കും.
അരുവിക്കരയിൽ ജി.സ്റ്റീഫൻ, കെ.എസ്.ശബരീനാഥിനെ അട്ടിമറിക്കും. പേരാവൂർ, അരൂർ, സുൽത്താൻ ബത്തേരി, തുടങ്ങിയ മണ്ഡലങ്ങളും പിടിച്ചെടുക്കാനാവുമെന്നും പാർട്ടി പ്രതീക്ഷിക്കുന്നു. ജോസ് കെ.മാണിയുടെ വരവിന്‍റെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ രണ്ടു സീറ്റുകൾ ഒഴികെ (കോട്ടയവും പുതുപ്പള്ളിയും) മറ്റ് മണ്ഡലങ്ങൾ എൽ.ഡി.എഫിനൊപ്പം നിൽക്കും.
പി.സി.ജോർജ് പൂഞ്ഞാറിൽ മൂന്നാം സ്ഥാനത്തായിരിക്കും. ബി.ജെ.പിക്ക് സീറ്റൊന്നും ലഭിക്കില്ല, ട്വന്റി ട്വന്റി കുന്നത്തുനാട് സീറ്റ് പിടിച്ചെടുക്കുമെന്നും സി.പി.എം വിലയിരുത്തുന്നു. കുന്നത്തുനാടിൽ കോൺഗ്രസിന്‍റെ സിറ്റിംഗ് എം.എൽ.എ മൂന്നാംസ്ഥാനത്തേക്ക് തള്ളിപ്പോകും.കളമശ്ശേരിയിൽ പി. രാജീവ് കടുത്ത മത്സരമാണ് നേരിട്ടതെന്നും പാർട്ടി റിപ്പോർട്ടിൽ പറയുന്നു.
