
മയിൽ പറന്നുവന്ന് നവദമ്പതികൾ സഞ്ചരിച്ച ബൈക്കിലിടിച്ച് അപകടം. തൃശൂരാണ് അപകടമുണ്ടായത്. അപകടത്തിൽ ഭർത്താവ് മരിച്ചു. പുന്നയൂർക്കുളം പീടികപറമ്പിൽ മോഹനന്‍റെ മകൻ പ്രമോദ് (34) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന ഭാര്യ വീണയ്ക്ക്(26) ഗുരുതരമായി പരിക്കേറ്റു.
അയ്യന്തോൾ-പുഴക്കൽ റോഡിൽ പഞ്ചിക്കലിലെ ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലാണ് അപകടം സംഭവിച്ചത്. തൃശൂർ മാരാർ റോഡിലെ സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് ഇയാൾ. നാല് മാസം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിന് കുറുകെ പറന്ന മയിൽ പ്രമോദിന്‍റെ നെഞ്ചിൽ വന്നിടിക്കുകയായിരുന്നു. ഇതേ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് സമീപത്തെ മതിലിൽ ചെന്നിടിച്ച് മറിഞ്ഞാണ് അപകടം സംഭവിച്ചത്.

ബൈക്കിടിച്ച് മയിലും ചത്തു. മയിലിന്‍റെ ജഡം വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി. തൃശൂർ വെസ്റ്റ് സി.ഐയുടേയും എസ്.ഐയുടേയും നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. മയിൽ ഇടിച്ച് അപകടത്തിൽപ്പെട്ട പ്രമോദിന്‍റെ ബൈക്ക് മറിയുന്നതിന് മുൻപും മറ്റൊരു ബൈക്കിനെയും ഇടിച്ചുതെറിപ്പിച്ചു. ഇതേത്തുടർന്ന് ബൈക്കിലെ യാത്രക്കാരനായ വാടാനപ്പിള്ളി നടുവിൽക്കര വടക്കൻ വീട്ടിൽ മോഹനന്‍റെ മകൻ ധനേഷിനും (37) പരിക്കേറ്റു. ധനേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീണയുടെയും ധനേഷിന്‍റെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
