
കാസര്‍കോട്: ചേരൂർ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ചെങ്കള പാണലത്തെ എസ്.എച്ച് അബ്ദുല്‍ മജീദി(52)ൻ്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മകന്‍ ഹസന്‍ ഖിളര്‍ഷാ സംസ്ഥാന- ജില്ലാ പൊലീസ് മേധാവികള്‍ക്ക് പരാതി നല്‍കി. ഒക്‌ടോബര്‍ 31ന് വൈകിട്ട് മൂന്ന് സുഹൃത്തുക്കള്‍ക്ക് ഒപ്പമാണ് അർദ്ധരാത്രിയിൽ മജീദ് പാണലം ഭാഗത്തെ ചേരൂർ പുഴയോരത്ത് പോയത്.
കൂട്ടത്തിലുണ്ടായ ഒരു സുഹൃത്താണ് മജീദിനെ കാണാനില്ലെന്ന് വീട്ടുകാരെ അറിയിച്ചത്. പൊലീസിലും ഈ രീതിയിലാണ് അറിയിച്ചത്. രാത്രിയിലും പകലും നടത്തിയ തിരച്ചിലിനൊടുവിലാണ് പിറ്റേന്ന് ബുധനാഴ്‌ച ഉച്ചയോടെയാണ് പുഴയില്‍ മൃതദേഹം കണ്ടെത്തുന്നത്.

കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളില്‍ ഒരാളുടെ തലയില്‍ പരിക്കുള്ളതും മൊഴിയില്‍ വൈരുദ്ധ്യമുള്ളതും ദുരൂഹതയുണ്ടാക്കുന്നതായും സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തു കൊണ്ടുവരണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എക്കും പരാതി നല്‍കി.
പ്രവാസി മലയാളിയായ മജീദ് ഏറെക്കാലമായി നാട്ടിൽ തന്നെ ചെറുകിട വസ്ത്ര വ്യാപാരങ്ങളുമായി ഉപജീവനം നടത്തി വരികയായിരുന്നു. നിരവധി നാടകങ്ങളിലും ഷോർട് ഫിലിമുകളിലും സിനിമകളിലും പരസ്യ ചിത്രങ്ങളിലും മജീദ് അഭിനയിച്ചിരുന്നു. വിദ്യാനഗർ പോലീസ് ആണ് നിലവിൽ കേസെടുത്ത് അന്വേഷണം നടത്തുന്നത്.
