പോക്സോ കേസുകളിൽ വിവാദ വിധി; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് കൊളീജിയം

  • Post category:news
  • Reading time:1 min read
You are currently viewing പോക്സോ കേസുകളിൽ വിവാദ വിധി; ജസ്റ്റിസ് പുഷ്പ ഗനേഡിവാലയെ സ്ഥിരപ്പെടുത്തേണ്ടതില്ലെന്ന് കൊളീജിയം

ന്യൂഡല്‍ഹി: പോക്സോ കേസില്‍ ഇരക്കെതിരെ വിവാദ വിധി പുറപ്പെടുവിച്ച ജസ്റ്റിസ് പുഷ്പക്കെതിരെ കൊളിജിയം ശിപാര്‍ശ. ബോംബെ ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി സേവനമുനുഷ്ഠിക്കുന്ന ജസ്റ്റിസ് പുഷ്പ ഗനേഡിവാലക്ക് സ്ഥിരം നിയമനം നല്‍കണമെന്ന മുന്‍ശിപാര്‍ശ വിവാദ വിധികളുടെ പേരില്‍ കൊളിജിയം പിന്‍വലിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ ബോംബ്ഡെ അധ്യക്ഷനായ കൊളിജിയം ജനുവരി 20നാണ് പുഷ്പയെ സ്ഥിരം ജഡ്ജിയാക്കണമെന്ന ശിപാര്‍ശ കേന്ദ്രസര്‍ക്കാറിന് കൈമാറിയത്. ജസ്റ്റിസ് എന്‍.വി രമണ, റോഹിങ്ടണ്‍ നരിമാന്‍ എന്നിവരാണ്കൊളിജിയത്തിലെ മറ്റ് അംഗങ്ങള്‍.

മഹാരാഷ്ട്രയില്‍ നിന്നുള്ള സുപ്രീംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖന്‍വില്‍ക്കര്‍ എന്നിവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതോടെയാണ് കൊളിജിയം കേന്ദ്രസര്‍ക്കാറിന് സമര്‍പ്പിച്ച ശിപാര്‍ശ പിന്‍വലിച്ചത്.

ഒരാഴ്ചക്കിടെ വെവ്വേറെ കേസുകളില്‍ പോക്സോ കേസ് പ്രതികളെ വെറുതെവിട്ടുകൊണ്ട് മൂന്ന് വിധിപ്രസ്താവങ്ങളാണ് ജസ്റ്റിസ് പുഷ്പ നടത്തിയത്. ഇതില്‍ വസ്ത്രമഴിക്കാതെ ഇരയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് പോക്സോ കേസിന്‍റെ പരിധിയില്‍ പെടില്ലെന്ന വിധി ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് ഈ വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈയ്യില്‍ പിടിക്കുന്നതോ പാന്‍റ്സിന്‍റെ സിപ് അഴിപ്പിക്കുന്നതോ പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമം അല്ലെന്ന് ഇവര്‍ വിധിച്ചിരുന്നു. ജനുവരി, 14, 15, 19 എന്നീ ദിവസങ്ങളിലാണ് ഈ വിധിപ്രസ്താവങ്ങള്‍ പുറത്തുവന്നത്.

അതിനുശേഷവും ഇവരുടെ കോടതിയില്‍നിന്നും ഇരകളെ അപഹസിക്കുന്ന വിധികള്‍ പുറത്തുവന്നിരുന്നു. മറ്റൊരു കേസില്‍ ഇരയുടെ വായ പൊത്തിപ്പിടിച്ച്‌ വസ്ത്രമഴിച്ച്‌ ബലാത്സംഗം ചെയ്യുക അസാധ്യമാണെന്ന് കണ്ടെത്തി പോക്സോ കേസില്‍ പ്രതിയെ ഇവര്‍ വെറുതെ വിട്ടിരുന്നു.

0Shares