ജനകീയതയെ തകർക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി; നവകേരള സദസ് വേദിയിൽ ലീഗ് നേതാവ്, രാഷ്ട്രീയം കാണേണ്ടതില്ലെന്ന് വിശദീകരണം

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ജനകീയതയെ തകർക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി; നവകേരള സദസ് വേദിയിൽ ലീഗ് നേതാവ്, രാഷ്ട്രീയം കാണേണ്ടതില്ലെന്ന് വിശദീകരണം

കാസർകോട്: നവകേരള സദസിൽ സർക്കാരിനൊപ്പം പ്രതിപക്ഷം സ്വാഭാവികമായി ചേരേണ്ടതായിരുന്നുവെന്നും സർക്കാരിന്‍റെ ജനകീയതയെ തകർക്കാനുള്ള ദുഷ്ടലാക്കാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസിൽ ആവേശപൂർവമാണ് ജനസഞ്ചയം എത്തുന്നത്. ഇത് വരും നാളുകളിൽ കേരളം എങ്ങനെ പ്രതികരിക്കും എന്നതിൻ്റെ സൂചനയാണ്.

സർക്കാരിനൊപ്പം ഞങ്ങളുണ്ടാകുമെന്ന ജനങ്ങളുടെ പ്രഖ്യാപനമാണിതെന്നും മുഖ്യമന്ത്രി. അതിനിടെ മുസ്ലീം ലീഗ് നേതാവ് എൻ.എ അബൂബക്കർ നവകേരള സദസിൽ പങ്കെടുത്തത് ശ്രദ്ധേയമായി. എന്നാൽ, അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് എൻ.എ അബൂബക്കർ മാധ്യമങ്ങളോട് വിശദീകരിച്ചു.

യാഥാർത്ഥ്യങ്ങൾ മറച്ചുവക്കാൻ ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അത് ജനങ്ങളെ അറിയിക്കാനാണ് ഈ പരിപാടി. നവകേരള സദസിൽ ശനിയാഴ്‌ച 1908 പരാതികൾ ലഭിച്ചു. ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കും.

പരാതി സ്വീകരിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഉദ്ഘാടന സദസ്സിൽ സ്ത്രീകളുടെ അതിവിപുല സാന്നിധ്യം സ്ത്രീ സംരക്ഷണത്തിൽ സർക്കാരിൻ്റെ നടപടികൾക്കുള്ള സ്വീകാര്യതയുടെ പ്രതിഫലനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആലുവയിലെ കുട്ടിയുടെ കൊലപാതകത്തിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും മുഖ്യമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഒരു ദാക്ഷണ്യവും ഇല്ലാതെ നടപടി ഉണ്ടാകും. മനുഷ്യത്വ രഹിതമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശക്തമായ താക്കീതാണ് കോടതിവിധി. സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്ന് പിണറായി വിജയൻ പറഞ്ഞു.

മറ്റ് തടസ്സങ്ങൾ ഇല്ലെങ്കിൽ 2025ൽ ദേശീയപാത 66 പൂർത്തിയാക്കും. വ്യാജ പ്രതികരണങ്ങളെ ന്യായീകരിക്കാൻ ഇന്നും ശ്രമം ഉണ്ടായി. ജനങ്ങൾ ഇതെല്ലാം മനസ്സിലാക്കുന്നുണ്ടെന്ന് കൂടി തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.

0Shares