
എറണാകുളം: ആലുവ റെയില്‍വേ സ്റ്റേഷനില്‍ അരക്കോടി രൂപയുടെ എം.ഡി.എം.എയുമായി ബംഗളൂരു സ്വദേശിനി സർമീൻ അക്തർ (26) പിടിയിലായ കേസില്‍ മട്ടാഞ്ചേരി സ്വദേശിയായ യുവവ്യാപാരിയും അറസ്റ്റിലായി. മലഞ്ചരക്ക് വ്യാപാരി കപ്പലണ്ടിമുക്ക് താഴകത്ത് വീട്ടില്‍ സഫീറിനെയാണ് (35) റൂറല്‍ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്.
യുവതിയുമായുള്ള ബന്ധം പൊലീസ് വിശദമായി അന്വേഷിക്കുന്നു. മയക്ക് മരുന്ന് വാങ്ങുന്നതിനായി സഫീർ എറണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്നെങ്കിലും സർമീൻ അക്തർ ആലുവയില്‍ ഇറങ്ങി. എറണാകുളത്ത് ഇറങ്ങാനുള്ള തീരുമാനം യാത്രയ്ക്കിടെ ആണ് യുവതി മാറ്റിയത്.

ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് നല്‍കിയയാളുടെ നിർദ്ദേശ പ്രകാരമാണ് യുവതി ആലുവയില്‍ ഇറങ്ങിയതെന്നാണ് സൂചന. സ്ഥിരം മയക്കുമരുന്ന് കടത്തുകാരി ആണെന്നാണ് സൂചനയെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ചാനൽ ആർ.ബിയോട് പറഞ്ഞു.
മറ്റൊരാള്‍ കൂടി സംഘത്തിലുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം പുരോഗമിക്കുക ആണെന്നും പോലീസ് അറിയിച്ചു. ലഹരി എത്തിക്കുന്നതുമായി ബന്ധപ്പെട്ട് സർമീനും സഫീറും തമ്മില്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകള്‍ ഇരുവരുടേയും ഫോണുകളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.
ഓപ്പറേഷൻ ക്ലീൻ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസത്തെ പരിശോധന. വിപണിയില്‍ 50 ലക്ഷത്തിലേറെ രൂപ വിലവരുന്ന ലഹരിയാണ് യുവതിയുടെ കൈവശം ഉണ്ടായിരുന്നത്.

ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്ന് മയക്കുമരുന്ന് കടത്തിക്കൊണ്ടു വന്നത്. ഡല്‍ഹിയില്‍ നിന്ന് എം.ഡി.എം.എ. കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് തീവണ്ടിയില്‍ തന്നെ തിരിച്ചു പോവുകയാണ് ഇവരുടെ പതിവെന്ന് പോലീസ് ചാനൽ ആർ. ബിയോട് പറഞ്ഞു.
യുവതിയെ കസ്റ്റഡിയില്‍ വാങ്ങും
സർമീൻ അക്തറിനെ (26) വിശദമായി ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങുന്നതിന് അന്വേഷണ സംഘം വ്യാഴാഴ്‌ച കോടതിയില്‍ അപേക്ഷ നല്‍കി. ചൊവ്വാഴ്‌ച പൊലീസ് പിടിയിലായ യുവതിബുധനാഴ്‌ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും വരെ ചോദ്യങ്ങളോട് ശരിയായി പ്രതികരിച്ചിട്ടില്ല.
ആധാർ കാർഡില്‍ ബംഗളൂരു വിലാസമാണെങ്കിലും യുവതി ഹിന്ദിയിലാണ് സംസാരിക്കുന്നത്. പിടിയിലായ യുവതി അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യകണ്ണി ആണെന്നാണ് പൊലീസ് സംശയിക്കുന്നത്.
