ശബരിമലയിൽ ബി.എസ്.എൻ.എൽ ടവറിലേക്കുള്ള കേബിൾ മുറിച്ച് കടത്തി; ഉപകരണങ്ങൾ നശിപ്പിച്ചു, ഏഴുപേർ അറസ്റ്റിൽ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing ശബരിമലയിൽ ബി.എസ്.എൻ.എൽ ടവറിലേക്കുള്ള കേബിൾ മുറിച്ച് കടത്തി; ഉപകരണങ്ങൾ നശിപ്പിച്ചു, ഏഴുപേർ അറസ്റ്റിൽ

പത്തനംതിട്ട: ശബരിമല ശരംകുത്തിയിൽ ബിഎസ്എൻഎൽ ടവറിലേക്കുള്ള കേബിൾ മുറിച്ച് കടത്തുകയും ഉപകരണങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്‌ത സംഭവത്തിൽ ഏഴുപേർ അറസ്റ്റിൽ. കട്ടപ്പന പുളിയൻമലയിൽ നിന്നാണ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. സംഭവത്തിൽ ബിഎസ്എൻഎല്ലിന് നാല് ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്.

40 മീറ്റർ ഉയരമുള്ള ശരംകുത്തി ടവറിലെ ആന്റിന മുതൽ ഉപകരണങ്ങൾ സ്ഥാപിച്ചിരുന്ന മുറി വരെയുള്ള 12 കേബിളും സംഘം മുറിച്ചു കടത്തിയിരുന്നു. പവർ പ്ലാണ്ട് മുതൽ ബാറ്ററി വരെയുള്ള കേബിളും മുറിച്ചെടുത്തു. കേബിളുകൾ മോഷ്ടിക്കപ്പെട്ടതിനാൽ ചൊവാഴ്‌ച തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോൾ ശരംകുത്തി ടവറിൽ നിന്നു സിഗ്നൽ ലഭിക്കുന്ന സ്ഥലങ്ങളിൽ മൊബൈൽ കവറേജ് ലഭിക്കാതെ വരുമെന്ന ആശങ്കയുമുണ്ട്.

ബിഎസ്എൻഎൽ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി അജിത്തിൻ്റെ നേതൃത്വത്തിൽ മരക്കൂട്ടത്ത് എത്തി അന്വേഷണം നടത്തിയിരുന്നു. ഡി.വൈ.എസ്.പി നന്ദകുമാറിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

അതീവ സുരക്ഷാ മേഖലയായ ശബരിമല ശരംകുത്തിയിൽനിന്ന് ബിഎസ്എൻഎൽ മൊബൈൽ ടവറിലേക്കുള്ള കേബിൾ വിച്ഛേദിക്കുകയും കേബിൾ കടത്തുകയും ചെയ്‌തത് സുരക്ഷാ വീഴ്‌ചയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ജല അതോറിറ്റി ജീവനക്കാരാണ് കേബിൾ മുറിച്ചു മാറ്റിയത് ആദ്യം കണ്ടത്. മുറിച്ചെടുത്ത കേബിളുകൾ വനത്തിൽ തന്നെ കത്തിച്ച് അതിനുള്ളിലെ ചെമ്പ് ഭാഗങ്ങളാണ് കടത്തിയത്. ദിവസങ്ങളോളം വനത്തിൽ തങ്ങി കേബിളുകൾ കത്തിച്ചാണ് മോഷണം നടന്നിരിക്കുന്നത്. എന്നാൽ ഇക്കാര്യം വനപാലകർ അറിഞ്ഞില്ല എന്നതാണ് സംശയം വർധിപ്പിക്കുന്നത്.

പമ്പയിൽനിന്ന് നേരെ സന്നിധാനത്തേക്കുള്ള വഴി ഒഴിവാക്കി വനത്തിലൂടെ കടന്നതായാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഏറെ പരിശോധനകൾക്ക് ശേഷമാണ് തീർത്ഥാടന കാലത്ത് പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിടുന്നത്. തീർത്ഥാടനകാലം കഴിഞ്ഞാൽ ശബരിമലയിൽ സുരക്ഷാ സംവിധാനത്തിന് സായുധ പൊലീസിനെ നിയോഗിക്കാൻ സർക്കാർ തയാറാകണമെന്ന ആവശ്യവും ശക്തമാകുന്നതിന് ഇടയിലാണ് ഇപ്പോഴത്തെ സംഭവം.

0Shares