
ബന്തടുക്ക / കാസർകോട്: കാട്ടുപോത്തിനെ വെടിവെച്ച് കൊന്ന് ഇറച്ചിയാക്കിയെന്ന കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കഴിഞ്ഞദിവസം ബന്തടുക്ക മാരിപ്പടുപ്പിലാണ് സംഭവം. കാട്ടുപോത്തിനെ വെടിവച്ച് കൊന്ന് ഇറച്ചിയാക്കി കടത്തുകയായിരുന്നുഎന്നാണ് കേസ്. മാരിപ്പടുപ്പിലെ ബി.ജെ.പി പ്രവര്‍ത്തകനും മരവ്യാപാരിയുമായ അനില്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

അനിലിനൊപ്പം പണിയെടുക്കുന്ന ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷൻ പരിധിയിലെ പി.കെ മധു (40), ബേഡകം പൊലീസ് സ്റ്റേഷൻ പരിധിയിലെ ആര്‍.സുരേഷ് (37), പാലക്കാട് ജില്ലയിലെ ആര്‍.ലിനേഷ് (40) എന്നിവരാണ് അറസ്റ്റിലായത്. തിങ്കളാഴ്‌ച കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാണ്ട് ചെയ്യുകയായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്‌ചയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഉച്ചയ്ക്കുശേഷമാണ് കാട്ടുപോത്തിനെ വേട്ടയാടി വെടിവെച്ച് കൊന്ന് ഇറച്ചിയാക്കിയതെന്നും തലയോട്ടിയും തോലും മറ്റു അവശിഷ്ടങ്ങളും അനിലിൻ്റെ പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയതായും അധികൃതര്‍ അറിയിച്ചു. ഇറച്ചി കടത്താന്‍ ഉപയോഗിച്ച വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
