
കാസർകോട്: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9ന് ആരംഭിക്കാനിരിക്കെ ജില്ലയിലെ മത്സ്യത്തൊഴിലാളികള്‍ക്കുള്ള നിര്‍ദേശങ്ങളും മുന്നറിയിപ്പുകളും ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിൻ്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രോളിംഗ നിരോധനം സംബന്ധിച്ച ജില്ലാതല യോഗത്തില്‍ ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
ജൂണ്‍ 9 അര്‍ദ്ധരാത്രി മുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനം തുടരും. ട്രോള്‍ നിരോധന കാലയളവില്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ബയോമെട്രിക് ഐ.ഡി കാര്‍ഡ് നിര്‍ബന്ധമായും കരുതണം. ഹാര്‍ബറുകളിലെയും മറ്റും ഡീസല്‍ ബങ്കുകള്‍ ട്രോളിംഗ് നിരോധന കാലയളവില്‍ അടച്ചു പൂട്ടും.
ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഡീസല്‍ ലഭ്യമാക്കുന്നതിന് തെരഞ്ഞെടുത്ത മത്സ്യഫെഡ് ബങ്കുകള്‍ അനു വദിക്കും. അന്യസംസ്ഥാന ബോട്ടുകള്‍ ജൂണ്‍ 9 ന് മുമ്പായി കേരളതീരം വിട്ടുപോകണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.ഒരു ഇന്‍ബോര്‍ഡ് വളളത്തിന് ഒരു കാരിയര്‍ മാത്രം അനുവദിക്കും.

കാരിയറില്‍ പരമാവധി 5 തൊഴിലാളികളെ വരെ അനുവദിക്കും. കാരിയര്‍ വളളത്തിൻ്റെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അതാത് ഫിഷറീസ് ഓഫീസുകളില്‍ യാന ഉടമകള്‍ റിപ്പോര്‍ട്ട് ചെയ്യണം.
മത്സ്യബന്ധനത്തിന് പോകുന്നവര്‍ ഫിഷറീസ് സ്റ്റേഷനുകളില്‍ നിന്നും പത്രദൃശ്യ മാധ്യമങ്ങളില്‍ നിന്നും ജില്ലാ ഭരണകൂടത്തില്‍ നിന്നുമുള്ള കാലാവസ്ഥാ മുന്നറിയിപ്പുകള്‍ ഗൗരവമായി കാണണം.
രക്ഷാപ്രവര്‍ത്തനം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് , കാസ്റ്റല്‍ പോലീസ്, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് വകുപ്പ് എന്നിവര്‍ ഏകോപിപ്പിക്കും. അടിയന്തിര സാഹചര്യം ആവശ്യമായി വരുമ്പോള്‍ നേവിയുടെ ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും ട്രോളിംഗ് നിരോധന കാലയളവില്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കും.
ട്രോളിംഗ് നിരോധനം ജില്ലയില്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദിന്റെ അധ്യക്ഷതയില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന മത്സ്യത്തൊഴിലാളി മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും യോഗം തീരുമാനിച്ചു. ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പി. വി സതീശന്‍ ട്രോളിംഗ് നിരോധനം സംബന്ധിച്ച് വിശദീകരിച്ചു. തളങ്കര, കുമ്പള , അഴിത്തല തുടങ്ങിയ തീരദേശ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും സംബന്ധിച്ചു.
