
കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്സോ കേസ് പ്രതി വീണ്ടും പിടിയിലായി. കുളത്തൂപ്പുഴ പോലീസ് കസ്റ്റഡിയിൽ നിന്നുമാണ് പ്രതി രക്ഷപെട്ടത്. ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞ പ്രതി രക്ഷപ്പെടാനായി കാടിനു പുറത്തിറങ്ങിയപ്പോൾ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.

തൃശൂരുകാരൻ ബാദുഷയാണ് വീണ്ടും പോലീസ് പിടിയിലായത്. ഒരു പകലും രാത്രിയും മുഴുവൻ പോലീസിനെയും വനപാലകരെയും ചുറ്റിച്ച ശേഷമാണ് പ്രതി നാട്ടുകാരുടെ കയ്യിൽ അകപ്പെട്ടത്. ഇന്നലെ രാവിലെ കുളത്തൂപ്പുഴ പോലീസ് സ്റ്റേഷനിൽ നിന്ന് ചാടിയ ബാദുഷ നെടുവന്നൂർ കടവ് വനമേഖലയിൽ രാത്രി മുഴുവൻ കഴിച്ചുകൂട്ടി . പരിശോധന ഇവിടേക്ക് നീണ്ടതോടെ ചെന്തുരുണി വന്യജീവി സങ്കേതത്തിലേക്ക് ഒളിയിടം മാറ്റി.
തുടർന്ന് ഇന്ന് രാവിലെ മാസ്ക് ഇട്ട് പുറത്തിറങ്ങിയ പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടിച്ചത്. ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞ ബാദുഷയുടെ ദേഹമാസകലം കുളയട്ട കടിച്ച് ചോര വാർന്ന നിലയിലായിരുന്നു. തുടർന്ന് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. പാലക്കാട് കൊപ്പത്ത് പതിമൂന്നുകാരിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ ബാദുഷ ഇന്നലെ രാവിലെയാണ് കുളത്തൂപ്പുഴ പോലീസിന്‍റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്.
