
തീവ്രവാദ ഭീഷണിയുണ്ടെന്ന രസഹ്യാന്വേഷണ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇടുക്കിയിലെ അഞ്ച് ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ തീരുമാനം. ഇടുക്കി, ചെറുതോണി, കുളമാവ്, പാംബ്ല, കല്ലാറൂട്ടി ജലാശയങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് രഹസ്യ അന്വേഷണ വിഭാഗം അധികൃതർക്ക് നിർദേശം നൽകിയത്.

തുടർന്ന് അധികൃതർ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള അടിയന്തര നടപടികൾ ആരംഭിച്ചു. ഈ ഡാമുകളിൽ സി.സി.ടി.വി സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. ചെറുതോണിയിലും തിരുവനന്തപുരത്തുമായി ഡാമിലെ തൽസമയ ദൃശ്യങ്ങൾ വിശകലനം ചെയ്യും.
ഇതിനായി പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇതോടെ ഡാമുകളിലെ ജലനിരപ്പ് ഉൾപ്പെടെയുള്ള വിവരങ്ങൾ തലസ്ഥാനത്തും ഇടുക്കിയിലുമായി 24 മണിക്കൂറും രേഖപ്പെടുത്തും.
