
മകളുടെ മൃതദേഹത്തിനുമുന്നില്‍ പ്രതിഷേധിച്ച് അച്ഛനെ കാലുകൊണ്ട് തൊഴിച്ച് മാറ്റി പോലീസ്. ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് പതിനാറുകാരിയെ കണ്ടെത്തിയത്. മൃതദേഹത്തിന് മുന്‍പില്‍നിന്ന് പ്രതിഷേധിച്ച പിതാവിനെ പോലീസ് തൊഴിക്കുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. സംഭവത്തില്‍ തെലങ്കാന പോലീസ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു.

അന്വേഷണ വിധേയമായി ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ കോളേജ് ഹോസ്റ്റലിലാണ് വിദ്യാര്‍ത്ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മകളുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്കു നീക്കുന്ന അവസരത്തിലാണ് മകളുടെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചത്. പോലീസിനുമുന്നിലേക്ക് വീണ് കിടന്ന് പ്രതിഷേധിക്കുകയായിരുന്നു. ചവിട്ടേറ്റിട്ടും പിന്‍മാറാത്ത ഇയാളെ സമീപത്തുണ്ടായിരുന്ന സ്ത്രീയെത്തി ആശ്വസിപ്പിക്കുന്നതും കാണാം.
