ഐസ്‌ക്രീം രുചിഭേദങ്ങള്‍ നുണയാം; ഒപ്പം മലബാര്‍ സ്നാക്സുകള്‍, ചായ, കോഫീ എന്നിവയും; ബെറ്റ് കഫേ കൂള്‍ബാറുമായി ടീം ബേഡകം

  • Post category:local news
  • Reading time:1 min read
You are currently viewing ഐസ്‌ക്രീം രുചിഭേദങ്ങള്‍ നുണയാം; ഒപ്പം മലബാര്‍ സ്നാക്സുകള്‍, ചായ, കോഫീ എന്നിവയും; ബെറ്റ് കഫേ കൂള്‍ബാറുമായി ടീം ബേഡകം

കാസർകോട്: മലയാളികള്‍ക്ക് എന്നും പ്രിയങ്കരമാണ് ഉള്ളം തണുപ്പിക്കുന്ന ഐസ്‌ക്രീം രുചിഭേദങ്ങള്‍. വ്യത്യസ്ത രുചിയിലും നിറത്തിലുമുള്ള ഐസ്‌ക്രീമുകളും സ്വാദിഷ്ടമായ ലഘു ഭക്ഷണങ്ങളും വിളമ്പാന്‍ ഒരുങ്ങുകയാണ് ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. ബേഡഡുക്ക ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീയുടെ കീഴില്‍ വനിതകള്‍ മാത്രം പങ്കാളികളായ ടീം ബേഡകം കുടുംബശ്രീ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ നേതൃത്വത്തിലാണ് ബെറ്റ് കഫേ എന്ന പേരില്‍ കൂള്‍ ബാര്‍ തുടങ്ങുന്നത്.

മുന്നാട് പീപ്പിള്‍സ് കോളേജിന് സമീപമുള്ള പഞ്ചായത്ത് കെട്ടിടത്തിലാണ് സംരംഭം ആരംഭിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ബെറ്റ് കഫേ കൂള്‍ബാര്‍ പ്രവര്‍ത്തനമാരംഭിക്കും. വനിതാ ഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മൂന്നുലക്ഷം രൂപ സബ്സിഡിയിലാണ് സംരംഭം യാഥാര്‍ഥ്യമാക്കുന്നത്. ‘ബെറ്റ്’ല്‍ വ്യത്യസ്ത രുചിയിലും നിറത്തിലും തരത്തിലുമുള്ള ഐസ്‌ക്രീമുകള്‍ക്കൊപ്പം മലബാര്‍ സ്നാക്സുകള്‍, ചായ, കോഫീ തുടങ്ങിയവയും ലഭിക്കും.

പൂര്‍ണമായും സ്ത്രീകള്‍ മാത്രം ഓഹരി ഉടമകളായി പിറന്നു വീണ പ്രൊഡ്യൂസര്‍ കമ്പനിയാണ് ടീം ബേഡകം കുടുംബശ്രീ ആഗ്രോ ഫാര്‍മേര്‍സ് പ്രൊഡ്യൂസര്‍ കമ്പനി. കുടുംബശ്രീ ജില്ല മിഷൻ്റെ യും ബേഡഡുക്ക ഗ്രാമ പഞ്ചായത്തിൻ്റെയും മുന്‍കൈയില്‍ ബേഡഡുക്ക സി.ഡി.എസിന് കീഴിലാണ് കമ്പനി രൂപീകരിച്ചത്. കമ്പനിയുടെ നേതൃത്വത്തിലുള്ള കൂടും കോഴിയും പദ്ധതി വിജയകരമായി നടത്തി വരികയാണ്. ബെറ്റ് നഴ്സറി, ബെറ്റ് കയര്‍ ആന്റ് ക്രാഫ്റ്റും തുടങ്ങിയ പദ്ധതികള്‍ ആരംഭഘട്ടത്തിലാണ്.

ബെറ്റ് കഫേ ആരംഭിക്കുന്നതോടെ ആദ്യഘട്ടത്തില്‍ മൂന്നു കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ജോലി ലഭിക്കും. ഭക്ഷണങ്ങളുടെ ഗുണമേന്മ ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കുമെന്നും രുചിയിലും ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യമെന്ന് ബേഡഡുക്ക പഞ്ചായത്ത് പ്രസിഡന്റ് എം.ധന്യ പറഞ്ഞു.

0Shares