
നടൻ വിനോദ് തോമസിൻ്റെ വിയോഗത്തില്‍ ഹൃദയഭേദകമായ കുറിപ്പുമായി സംവിധായകൻ തരുണ്‍ മൂര്‍ത്തി. കടം വെച്ച് പോയ ഒരു കൊതിപ്പിച്ച നടൻ എന്നാണ് തരുണിൻ്റെ വാക്കുകള്‍.
ഓപ്പറേഷൻ ജാവയിലെ വേഷം അവസാന നിമിഷം കട്ട് ചെയ്‌ത് പോയെന്നും പകരമായി സൗദി വെള്ളക്കയില്‍ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോള്‍ ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി എന്നുമാണ് തരുണിൻ്റെ കുറിപ്പ്.

തരൂണ്‍ മൂര്‍ത്തിയുടെ ഫേസ്ബുക് പോസ്റ്റ്:
ചേട്ടാ…
ഓപ്പറേഷൻ ജാവയിലെ വേഷം അവസാന നിമിഷം കട്ട് ചെയ്ത്പോയി…
പകരമായി സൗദി വെള്ളക്കയില്‍ മജിസ്‌ട്രേറ്റ് ആയി വിളിച്ചപ്പോള്‍ ഡേറ്റ് ക്ലാഷ് വന്നു ചെയ്തേ പോയി…
കടം വെച്ച് പോയ…
ഒരു
കൊതിപ്പിച്ച നടൻ
മരണകാരണം വിഷപ്പുകയോ?
കഴിഞ്ഞ ദിവസമാണ് കോട്ടയം പാമ്പാടിയിലെ ബാറിൻ്റെ പാര്‍ക്കിംഗ് ഏരിയയില്‍ കാറിനുള്ളില്‍ വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ച്ചയായി കാറിനുള്ളിലെ എ.സി പ്രവര്‍ത്തിച്ചതിന് തുടര്‍ന്ന് വമിച്ച വിഷവാതകം ശ്വസിച്ചതാകാം വിനോദിൻ്റെ മരണ കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.
സ്വാഭാവിക അഭിനയത്തിലൂടെ വളരെ പെട്ടന്നാണ് വിനോദ് തോമസ് മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. അയ്യപ്പനും കോശിയിലെ സെബാസ്റ്റ്യൻ എന്ന കഥാപാത്രം വിനോദിന് പ്രേക്ഷക പ്രീതി നേടിക്കൊടുത്തു. ആദ്യ സിനിമയായ “നത്തോലി ഒരു ചെറിയ മീനല്ല’ ക്ക് ശേഷം തുടര്‍ച്ചയായി ചെറിയ വേഷങ്ങള്‍ ചെയ്‌തു ശ്രദ്ധേയനായി.
ഗോഡ്‌സ് ഓണ്‍ കണ്‍ട്രി, ജോണ്‍പോള്‍ വാതില്‍ തുറക്കുന്നു, ഒരു മുറൈ വന്തു പാര്‍ത്തായാ, ഹാപ്പിവെഡിങ്, മറുപടി, അയാള്‍ ശശി, ഒരായിരം കിനാക്കളാല്‍, തരംഗം, കുട്ടൻപിള്ളയുടെ ശിവരാത്രി, നോണ്‍സെൻസ്, ജൂണ്‍, ജനമൈത്രി, അയ്യപ്പനും കോശിയും, കുറി തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ടിരുന്നു.
