
കൊറോണ ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലെ മനോവിഷമത്തെ തുടർന്ന് തമിഴ്നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു. മധുര സ്വദേശിയായ എസ്. കുമാറാണ് വീട്ടുവളപ്പിൽ ജീവനൊടുക്കിയത്. വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിന്‍റെ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

അയൽവാസികളായ നാല് പേരെയാണ് അറസ്റ്റ് ചെയ്തത്. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കായി പോലീസ് അന്വേഷണം തുടരുകയാണ്. ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ കുമാർ ഒന്നര ആഴ്ചയായി നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും എത്തി കുമാറിനെ പരിശോധനയ്ക്കായി കൊണ്ടു പോകുന്ന വീഡിയോ അയൽവാസികളായ സുഹൃത്തുക്കൾ മൊബൈലിൽ ചിത്രീകരിച്ചു. കുമാർ കൊവിഡ് ബാധിതനെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
എല്ലാവരും കുമാറിനെ അകറ്റി നിർത്തണം എന്നുവരെ പ്രചരണം ഉണ്ടായി. ഇതിനിടെ കൊവിഡ് നെഗറ്റീവ് എന്ന കുമാറിന്‍റെ പരിശോധനാ ഫലം വന്നു. കൊവിഡ് ഇല്ലെന്ന് വ്യക്തമായെങ്കിലും കൊവിഡ് ബാധിതനെന്ന പേരിൽ കുമാറിനെതിരെ വ്യാജ സന്ദേശങ്ങൾ പരന്നു.
