
അഫ്ഗാനിസ്ഥാന്‍റെ പുതിയ 33 അംഗ മന്ത്രിസഭയിൽ പകുതിയിലധികം പേരും യു.എൻ സുരക്ഷാ കൗൺസിലിന്‍റെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയവർ .മുല്ല മുഹമ്മദ് ഹസൻ അഖുണ്ടിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ കുറഞ്ഞത് 14 അംഗങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ബി.ബി.സി റിപ്പോർട്ടിൽ പറയുന്നു.
അഫ്ഗാനിസ്ഥാനിലെ പുതിയ മന്ത്രിസഭയുടെ ഘടനയിൽ അന്താരാഷ്ട്ര സമൂഹത്തിന്‍റെ ആശങ്ക ഉയർത്തുമ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തു വരുന്നത് .മുല്ല അബ്ദുൽ ഗനി ബരദാർ, മൊൽവി അബ്ദുൽ സലാം ഹനാഫിയും അദ്ദേഹത്തിന്‍റെ രണ്ട് ഡെപ്യൂട്ടികളുംയു.എൻ സുരക്ഷാ കൗൺസിലിന്‍റെ ഭീകരവാദ കരിമ്പട്ടികയിൽ ഉൾപെടുത്തിയവരാണ്.

മുല്ല അബ്ദുൽ ഗനി ബരാദർ ചൊവ്വാഴ്ച താലിബാൻ അന്തിമ പ്രഖ്യാപനം നടത്തുന്നതിനുമുമ്പ് വരെ താലിബാൻ ഇടക്കാല സർക്കാരിന്‍റെ തലവനായിരുന്നു.സിറാജുദ്ദീൻ ഹഖാനി ആഗോള ഭീകരനാണ്. ഏതാണ്ട് 10 ദശലക്ഷം യു.എസ് ഡോളർ പ്രതിഫലം അദ്ദേഹത്തിന്‍റെ തലയ്ക്ക് വിലയിട്ടുണ്ട് . ഹഖാനി നിലവിൽ ആക്ടിംഗ് ഇന്റീരിയർ മിനിസ്റ്ററാണ്, അദ്ദേഹത്തിന്‍റെ അമ്മാവൻ ഖലീൽ ഹഖാനി അഭയാർത്ഥികൾക്കുള്ള ആക്ടിംഗ് മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
പ്രശസ്ത സോവിയറ്റ് വിരുദ്ധ നേതാവ് ജലാലുദ്ദീൻ ഹഖാനിയുടെ മകനും കുപ്രസിദ്ധമായ ഹഖാനി നെറ്റ്‌വർക്കിന്‍റെ തലവനുമായ സിറാജുദ്ദീനെ 2008 ജനുവരിയിൽ കാബൂളിലെ ഒരു ഹോട്ടലിന് നേരെയുണ്ടായ ആക്രമണത്തിൽ അമേരിക്കൻ പൗരൻ ഉൾപ്പെടെ ആറ് പേരെ കൊലപ്പെടുത്തിയ കേസിൽ എഫ്ബിഐ ചോദ്യം ചെയ്യാനായി ആവശ്യപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാനിലെ യു.എസിനും സഖ്യസേനയ്ക്കുമെതിരായ അതിർത്തി കടന്നുള്ള ആക്രമണങ്ങൾ അദ്ദേഹം ഏകോപിപ്പിക്കുകയും പങ്കെടുക്കുകയും ചെയ്തതായി വിശ്വസിക്കപ്പെടുന്നു,- റിപ്പോർട്ടുകൾ പറയുന്നു.
ആക്ടിംഗ് പ്രതിരോധ മന്ത്രി മുല്ല യാക്കൂബ്, ആക്ടിംഗ് വിദേശകാര്യ മന്ത്രി മുല്ല അമീർ ഖാൻ മുത്തഖി, അദ്ദേഹത്തിന്‍റെ ഡെപ്യൂട്ടി ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായ് എന്നിവരെ താലിബാൻ ഉപരോധ സമിതി എന്നറിയപ്പെടുന്ന യുഎൻഎസ്‌സി 1988 ഉപരോധ സമിതിയുടെ കീഴിൽ പട്ടികപ്പെടുത്തിയിട്ടുണ്ട്.
