യുവാക്കളെ വഴിതെറ്റിക്കുന്നു; പബ്ജിയും ടിക്ക് ടോക്കും നിരോധിക്കാന്‍ അഫ്‌ഗാനിലെ താലിബാന്‍ ഭരണകൂടം

  • Post category:news
  • Reading time:1 min read
You are currently viewing യുവാക്കളെ വഴിതെറ്റിക്കുന്നു; പബ്ജിയും ടിക്ക് ടോക്കും നിരോധിക്കാന്‍ അഫ്‌ഗാനിലെ  താലിബാന്‍ ഭരണകൂടം

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ടിക് ടോക്കും ജനപ്രിയ മൊബൈല്‍ ഗെയിമിംഗ് ആപ്ലിക്കേഷനായ PUBG യും നിരോധിക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ നിരോധനം നടപ്പാക്കാനാണ് താലിബാന്‍ ലക്ഷ്യമിടുന്നത്.

അഫ്ഗാന്‍ യുവാക്കളെ ‘വഴിതെറ്റിക്കുന്നു’ എന്ന വാദമുയര്‍ത്തിയാണ് തീരുമാനം. വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അഫ്ഗാനിലെ യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നതാണ് ഈ ആപ്പുകളെന്ന് കഴിഞ്ഞ ഏപ്രിലില്‍ താലിബാന്‍ പ്രതികരിച്ചിരുന്നു. പിന്നാലെ ഇവ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന പ്രഖ്യാപനവും നടത്തി. ‘യുവതലമുറയെ തെറ്റിദ്ധരിപ്പിക്കുന്നത് തടയാന്‍’ ടിക് ടോക്കിന്റെയും PUBGയുടെയും നിരോധനം അനിവാര്യമാണെന്ന് താലിബാന്‍ വക്താവ് ഇനാമുള്ള സമംഗാനി പറഞ്ഞതായി ബി.ബി.സിയാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

നിലവില്‍ സുരക്ഷാ മേഖലയുടെ പ്രതിനിധികളുമായും ശരിയ ലോ എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷന്‍ പ്രതിനിധിയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് നിരോധനം പ്രഖ്യാപിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. അഫ്ഗാന്‍ ടെലികമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ അറിയിപ്പ് ഉദ്ധരിച്ചാണ് മാധ്യമവാര്‍ത്തകള്‍.

അഫ്ഗാന്‍ യുവാക്കള്‍ക്കിടയില്‍ വ്യാപകമായി ഉപയോഗിക്കുന്ന TikTok, PUBG എന്നിവയുടെ നിരോധനം അടുത്ത 90 ദിവസത്തിനുള്ളില്‍ നടപ്പിലാക്കും. ഇതിനായി ടെലികമ്മ്യൂണിക്കേഷന്‍, ഇന്റര്‍നെറ്റ് സേവന ദാതാക്കളോട് നിശ്ചിത സമയത്തിനുള്ളില്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ താലിബാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു.

0Shares