
തളിപ്പറമ്പ് / കണ്ണൂർ: ഉന്നത സ്ഥാനത്തുള്ള ചില മലയാളികളെ കുറിച്ച് അഭിമാനിക്കുമ്പോൾ ചിലരെ ഓർത്ത് നാണിച്ച് തല താഴ്‌ത്തേണ്ട സ്ഥിതിയെന്ന് എഴുത്തുകാരൻ ടി.പത്മനാഭൻ. അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ വേട്ടയാടപ്പെട്ടപ്പോഴും നിലപാടിൽ ഉറച്ച് നിന്ന ജോൺ ബ്രിട്ടാസ് എം.പി മലയാളികൾക്ക് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം സ്ഥാനമാനങ്ങൾക്ക് വേണ്ടി നിലപാട് സ്വീകരിച്ച പി.ടി ഉഷയെ ഓർത്ത് നാണിച്ച് തല താഴ്ത്തുന്നുവെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.
ഭരണഘടന അനുവദിച്ച അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇന്ത്യ ഭരിക്കുന്ന പാർട്ടി ഇല്ലാതാക്കുകയാണ്. കേരളത്തിൻ്റെ അഭിമാനമായ ജോൺ ബ്രിട്ടാസ് എം.പിക്ക് എതിരെയാണ് പുതിയ നീക്കം. അഭിപ്രായ പ്രകടനത്തിൻ്റെ പേരിൽ ബ്രിട്ടാസിനെതിരെ രാജ്യസഭ അധ്യക്ഷൻ നോട്ടീസയച്ചിരിക്കുകയാണ്.

ഭരണഘടന അനുസരിച്ച് തുടർന്നും അഭിപ്രായ പ്രകടനം നടത്തുമെന്നാണ് ബ്രിട്ടാസ് ഇതിനോട് പ്രതികരിച്ചത്. ബ്രിട്ടാസിൻ്റെ നിലപാടിൽ മലയാളിയെന്ന നിലയിൽ അഭിമാനമുണ്ടെന്നും ടി.പത്മനാഭൻ പറഞ്ഞു
എന്നാൽ മറ്റ് ചിലരെ ഓർത്ത് നാണിച്ച് തല താഴ്‌ത്തേണ്ട അവസ്ഥയാണ്. സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് എതിരെ സംസാരിച്ച പി.ടി ഉഷയെ രൂക്ഷമായി വിമർശിച്ചു കൊണ്ടായിരുന്നു ടി.പത്മനാഭൻ്റെ ഈ പ്രതികരണം. മലയാളിയായ പി.ടി ഉഷ ഗുസ്‌തി താരങ്ങള്‍ക്ക് എതിരെയാണ് സംസാരിച്ചത്. ഇപ്പോൾ നിവൃത്തിയില്ല എന്ന ഘട്ടം വന്നപ്പോള്‍ അവരെ കാണാന്‍ പോയി. ഉഷയ്ക്ക് കായിക മേഖലയില്‍ മാത്രമല്ല പലമേഖലകളിലും ഗുണം കിട്ടിയിട്ടുണ്ട്. ഇനിയും കിട്ടുകയും വേണം. അപ്പോള്‍ ഇതും ഇതിനപ്പുറവും അവര്‍ പറയുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ തളിപ്പറമ്പ് മണ്ഡലത്തിൽ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായ ടേണിങ് പോയിന്റ് പരിപാടി ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു മലയാള കഥയുടെ കുലപതി. തളിപ്പറമ്പ് എം.എൽ.എയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദൻ മാസ്റ്റർ, ഗോപിനാഥ് മുതുകാട് തുടങ്ങിയവരും സംസാരിച്ചു.
