
ലോക്‌സഭയില്‍ പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധിച്ചതിന് നാല് കോണ്‍ഗ്രസ് എം.പിമാരെ സ്പീക്കര്‍ സസ്‌പെന്റ് ചെയ്തു. മാണിക്കം ടാഗോര്‍, രമ്യ ഹരിദാസ്, ജ്യോതിമണി, ടി.എന്‍ പ്രതാപന്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. ഈ വര്‍ഷകാല സമ്മേളനം അവസാനിക്കുന്നത് വരെയാണ് സസ്‌പെന്‍ഷനെന്ന് സ്പീക്കര്‍ വിശദീകരിച്ചു.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന, എല്‍.പി.ജി വില വര്‍ദ്ധനവ് തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് എം.പിമാരെ സസ്‌പെന്റ് ചെയ്തത്.

അതേസമയം, പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധത്തിനും മുദ്രാവാക്യം വിളികള്‍ക്കും ഇടയില്‍ ലോക്‌സഭ നിര്‍ത്തിവച്ചിരിക്കുകയാണ്. നാളെ രാവിലെ 11ന് വീണ്ടും സഭ ചേരും. പണപ്പെരുപ്പവും ജിഎസ്ടി നിരക്ക് വര്‍ദ്ധനയും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എം.പിമാര്‍ സഭയുടെ നടുക്കളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതോടെ രാജ്യസഭ 4 മണി വരെ നിര്‍ത്തിവച്ചു.
