‘അധികാരം വെറും പദവി മാത്രമല്ലെന്ന് തെളിയിച്ചു’; സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും

  • Post category:news
  • Reading time:1 min read
You are currently viewing ‘അധികാരം വെറും പദവി മാത്രമല്ലെന്ന്  തെളിയിച്ചു’; സ്റ്റാലിനെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും

നരിക്കുറവർ, ഇരുളർ തുടങ്ങിയ ആദിവാസി വിഭാഗങ്ങളിൽപ്പെട്ട 282 പേർക്ക് പട്ടയവും ജാതി സർട്ടിഫിക്കറ്റും നൽകിയ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ നടപടിയെ അഭിനന്ദിച്ച് സൂര്യയും ജ്യോതികയും. എം.കെ. സ്റ്റാലിൻ്റെ ട്വീറ്റ് പങ്കുവെച്ചായിരുന്നു സൂര്യയുടെ അഭിനന്ദനം. ഇൻസ്റ്റഗ്രാം കുറിപ്പിലൂടെയായിരുന്നു ജ്യോതികയുടെ പ്രതികരണം.

എം.കെ. സ്റ്റാലിൻ ഗോത്രവർഗക്കാരുടെ വീട് തേടിയെത്തി നൽകിയത് വെറും പട്ടയം മാത്രമല്ലെന്നും അതൊരു പ്രതീക്ഷയാണെന്നും സൂര്യ പറഞ്ഞു. കാലങ്ങളായി തുടരുന്ന ഗോത്രവർഗക്കാരുടെ പ്രശ്‌നങ്ങൾക്ക് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്നും സൂര്യ എഴുതി.

സത്യം നടപ്പാക്കുന്നതാണ് നീതിയെന്നും അത് സ്റ്റാലിൻ തെളിയിച്ചെന്നും ജ്യോതിക ഇൻസ്റ്റഗ്രാമിൽ എഴുതി. പ്രവൃത്തിയിലെ സത്യമാണ് നീതി. അത് നിങ്ങൾ പ്രവൃത്തിയിലൂടെ തെളിയിച്ചു. ആളുകളുടെ പ്രശ്‌നങ്ങൾ കഴിയുന്ന രീതിയിൽ പരിഹരിച്ചും നടപടികൾ ഉടനെടുത്തും നേതൃത്വം എന്നത് ഒരു പദവി മാത്രമല്ലെന്ന് നിങ്ങൾ തെളിയിച്ചെന്നും ജ്യോതിക പറഞ്ഞു.

വരുന്ന തലമുറയ്ക്ക് പ്രചോദനമാകുന്നതിന് നന്ദി. അംബേദ്കറിൻ്റെ വിശ്വാസം യാഥാർത്ഥ്യമാക്കുന്നതിന് നന്ദി. താങ്കളുടെ ഭരണത്തിലും ഉടനടിയെടുക്കുന്ന നടപടികളിലും ഹൃദയംനിറഞ്ഞ നന്ദി പറയുന്നു. എൻ്റെ ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളാണ്. ഒരു പൗര എന്ന നിലയ്ക്ക് മാത്രമല്ല, ദിവ്യയുടെയും ദേവിൻ്റെയും അമ്മ എന്ന നിലയ്ക്ക് കൂടിയാണ് ഇത് പറയുന്നതെന്നും ജ്യോതിക ഇൻസ്റ്റ്ഗ്രാമിൽ കുറിച്ചു.

അതേസമയം, ജാതിവിവേചനത്തെ തുടർന്ന് അന്ന ദാനത്തിനിടെ ക്ഷേത്രത്തിൽ നിന്നിറക്കിവിട്ട നരിക്കുറവർ വിഭാഗത്തിലെ അശ്വനിയുടെ വീട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു. അശ്വനിയുടെ വീട് സന്ദർശിച്ച മുഖ്യമന്ത്രി കുടുംബാംഗങ്ങളോട് സംസാരിച്ചിരുന്നു. മുത്തുമണി മാലയും പൊന്നാടയും അണിയിച്ചാണ് അശ്വനി സ്റ്റാലിനെ സ്വീകരിച്ചത്.

0Shares