പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കെ. സുരേന്ദ്രന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തി: ശോഭാ സുരേന്ദ്രൻ

  • Post category:Kerala / news
  • Reading time:1 min read
You are currently viewing പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കെ. സുരേന്ദ്രന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തി: ശോഭാ സുരേന്ദ്രൻ

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ പരസ്യ വിമര്‍ശനവുമായി ശോഭാ സുരേന്ദ്രന്‍ രംഗത്ത്. തന്നെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ സുരേന്ദ്രന്‍ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നും വ്യക്തിപരമായി തന്നെ തേജോവധം ചെയ്യുകയാണെന്നും ശോഭ ആരോപിച്ചു. സുരേന്ദ്രന്റെ നിലപാടുകളില്‍ താനടക്കം പലരും അസംതൃപ്തരാണ്. ഇവരെയെല്ലാം ഒന്നിച്ചു ചേര്‍ത്ത് സുരേന്ദ്രനെതിരെ നീക്കം നടത്തുന്നുണ്ടെങ്കിലും കേന്ദ്രനേതൃത്വം ഇതുവരെയും ശോഭയ്ക്ക് അനുകൂലമായി ഒന്നും പ്രതികരിച്ചിട്ടില്ല.

അതിനിടെ സംസ്ഥാന ഘടകത്തിനകത്തെ സ്ഥിതിഗതികള്‍ വിശദീകരിച്ച് സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം കേന്ദ്ര നേതൃത്വത്തിന് വിശദമായ കത്തു നല്‍കിയിട്ടുണ്ടെന്നറിയുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ സമയത്ത് പാര്‍ട്ടിയില്‍ ചേരിതിരിവുണ്ടെന്ന് എതിര്‍ പാര്‍ട്ടിക്കാര്‍ക്ക് പറഞ്ഞുനടക്കാന്‍ അവസരമുണ്ടാക്കിയ ശോഭയ്ക്കും മറ്റുള്ളവര്‍ക്കുമെതിരെ അച്ചടക്ക നടപടി വേണമെന്ന ആവശ്യം സുരേന്ദ്രന്‍ ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ എല്ലാവരേയും ഒന്നിച്ചുകൊണ്ടുപോകാന്‍ സാധിക്കുമെന്നും വേറെ പ്രശ്‌നങ്ങളൊന്നുമില്ലെന്നുമാണ് സുരേന്ദ്രന്‍റെ കത്തിന്‍റെ ഉള്ളടക്കം. തന്നെ എന്തു കാരണത്താലാണ് പാര്‍ട്ടിയുടെ പ്രമുഖ സ്ഥാനങ്ങളിലേക്ക് പരിഗണിക്കാതെ തഴയുന്നതെന്നാണ് ശോഭയുടെ പ്രധാന ചോദ്യം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങലില്‍ ബി.ജെ.പിയുടെ വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ചതും പാര്‍ട്ടിക്കു വേണ്ടി ഇത്രകാലം ശക്തമായി പ്രവര്‍ത്തിച്ചതുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ശോഭ ചോദ്യമുന്നയിക്കുന്നത്.

0Shares