
ബലാത്സംഗ കേസിലെ ഇരയെ വിവാഹം ചെയ്യാമോ എന്ന് പ്രതിയോട് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എസ്. എ ബോബ്ഡെ ആണ് പ്രതിയോട് ഇക്കാര്യം ചോദിച്ചത്. പോക്സോ കേസില്‍ അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടി പ്രതി സമര്‍പ്പിച്ച ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസിന്‍റെ വിചിത്രമായ പരാമര്‍ശം. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിക് പ്രൊഡക്ഷന്‍ കമ്പനിയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് കേസിലെ പ്രതി.

16 വയസ്സുള്ള വിദ്യാര്‍ഥിനിയായ അകന്ന ബന്ധുവിനെ ബലാത്സംഗം ചെയ്തു എന്നാണ് ഇയാള്‍ക്കെതിരെ നൽകിയിരിക്കുന്ന പരാതി. പരാതിക്കാരിയെ വിവാഹം ചെയ്യുമെങ്കില്‍ സഹായിക്കാമെന്നും മറിച്ചാണെങ്കിൽ പ്രതിയുടെ ജോലി നഷ്ടപ്പെടുമെന്നും ജയിലില്‍ പോകേണ്ടിയും വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. പ്രതിയുടെ അഭിഭാഷകന്‍ നൽകിയ മറുപടി പ്രകാരം ഇയാളുടെ മാതാവ് വിവാഹ വാഗ്ദാനവുമായി പെണ്‍കുട്ടിയെ സമീപിച്ചിരുന്നുവെന്നാണ്.
പെണ്‍കുട്ടി അപ്പോള്‍ നിരസിച്ചു എന്നും തുടര്‍ന്ന് പെണ്‍കുട്ടിക്ക് 18 വയസ്സാകുമ്പോള്‍ വിവാഹം നടത്താമെന്ന് തീരുമാനിച്ചു എന്നും കൂട്ടിച്ചേർത്തു. എന്നാല്‍ പെണ്‍കുട്ടിക്ക് 18 വയസ്സായപ്പോള്‍ വിവാഹം ചെയ്യാന്‍ പ്രതി വിസമ്മതിച്ചതിനാലാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ബലാത്സംഗ പരാതി നല്‍കിയതെന്ന് അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇരയെ വിവാഹം ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിക്കുകയില്ലെന്നും നിങ്ങളതിന് തയ്യാറാണോ എന്ന് അറിയിക്കുക എന്നുമാണ് കോടതി നൽകിയ മറുപടി. എന്നാൽ താന്‍ മറ്റൊരാളെ വിവാഹം ചെയ്തെന്നായിരുന്നു പ്രതി നൽകിയ ഉത്തരം .
വാദങ്ങൾക്ക് ശേഷം പ്രതിയുടെ അറസ്റ്റ് നാല് ആഴ്ചത്തേക്ക് കോടതി സ്റ്റേ ചെയ്തു. അതിനിടെ ജാമ്യത്തിന് അപേക്ഷിക്കാമെന്നും കോടതി പറഞ്ഞു. അതേസമയം വീട്ടില്‍ ആരും ഇല്ലാത്തപ്പോള്‍ അതിക്രമിച്ചുകയറി പെണ്‍കുട്ടിയുടെ കൈകാലുകള്‍ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെൺകുട്ടിയുടെ മൊഴി. സംഭവം പുറത്തുപറഞ്ഞാല്‍ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയതായും മൊഴിയിലുണ്ട്.
