
ഇടമലക്കുടിയിലേക്ക് ഇടുക്കി എം.പി ഡീൻ കുര്യക്കോസും, വ്ലോഗർ സുജിത്ത് ഭക്തനും നടത്തിയ യാത്ര ഏറെ വിവാദമായിരിക്കുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി സുജിത്ത്. ഇപ്പോഴത്തെ വിവാദം രാഷ്ട്രീയ പ്രേരിതം എന്നാണ് സുജിത്ത് ഭക്തൻ പറയുന്നത്.കേരളത്തിൽ ഈ കൊവിഡ് കാലത്തും 150ലേറെ കുട്ടികൾ പഠിക്കുന്ന, പ്രവർത്തിക്കുന്ന ഏക സ്കൂളാണ് ഇടമലക്കുടിയിലേത്.
അവിടേക്ക് എന്‍റെ സ്വന്തം നിലയിലും, എം.പിയുടെ നിലയിലും സഹായം എത്തിക്കാനാണ് പോയത്. ആ നാട്ടിലെ ജനപ്രതിനിധിയായ എം.പി വിളിച്ചിട്ടാണ് ഞാൻ പോയത്. എം.പിക്ക് ജനപ്രതിനിധി എന്ന നിലയിൽ മണ്ഡലത്തിൽ സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്നാണ് എനിക്ക് മനസിലാകുന്നത്. അദ്ദേഹത്തിന് ഒപ്പം ആര് സഞ്ചരിക്കണം എന്ന് തീരുമാനിക്കാം. ഞാനും എം.പി ഡീൻ കുര്യക്കോസും, പി.എയും അടക്കം വളരെ ചെറിയ സംഘമാണ് അവിടെ എത്തിയത്. ഒരുഘട്ടം വരെ കാറിലും, പിന്നീട് വനം വകുപ്പിന്‍റെ ബോർഡ് വച്ച വണ്ടിയിലുമാണ് അവിടെ എത്തിയത്.

അതിനാൽ തന്നെ വനം വകുപ്പ് അനുമതിയില്ല എന്ന് പറയുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം സെൽഫ് ക്വാറൻറീനിലുള്ള ഇടമലക്കുടിയിലേക്ക് എം.പിയ്ക്ക് പോകാമെങ്കിലും വ്ലോഗർ സുജിത്ത് ഒപ്പം വരുന്നതിനെ കുറിച്ച് വനംവകുപ്പിനെ അറിയിച്ചിരുന്നില്ലെന്നാണ് പുതിയ വിവാദം. സി.പി.ഐ – സി.പി.എം പാർട്ടികൾ പരാതിയുമായി രംഗത്ത് എത്തിയതോടെ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം വ്ലോഗറായ സുജിത്തിന് വനത്തിൽ അനുമതിയുണ്ടായിരുന്നില്ലെന്നും, ഇതിൽ അന്വേഷണം നടത്തുമെന്നും വനം വകുപ്പും അറിയിച്ചു.
