
ന്യൂഡല്‍ഹി: അപകടകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുമതി തേടി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കി. കേരളത്തില്‍ തെരുവ് നായ് ആക്രമണം വര്‍ധിച്ചു വരികയാണെന്നും അപകടകാരികളായ നായകളെ കൊന്നൊടുക്കണമെന്നും കമ്മിഷന്‍ അപേക്ഷയില്‍ പറയുന്നു.
2019ല്‍ കേരളത്തില്‍ 5794 തെരുവ് നായ ആക്രമണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2020ല്‍ ഇത് 3951 ആണ്. എന്നാല്‍ 2021ല്‍ കേസുകള്‍ 7927ഉം 2022ല്‍ 11,776ഉം ആയി ഉയര്‍ന്നെന്ന് കമ്മിഷന്‍ ചൂണ്ടിക്കാട്ടി.

2023 ജൂണ്‍ 19വരെയുള്ള കണക്ക് അനുസരിച്ച് 6276 തെരുവു നായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കണ്ണൂരില്‍ പതിനൊന്ന് വയസ്സുകാരനായ നിഹാല്‍ തെരുവ് നായ ആക്രമണത്തില്‍ മരിച്ചത് അപേക്ഷയില്‍ ചൂുണ്ടിക്കാട്ടിയിട്ടുണ്ട്.
ശല്യം നിയന്ത്രിക്കുന്നതിന് തെരുവ് നായകളെ കൊന്നൊടുക്കുകയോ കൂട്ടിലടയ്ക്കുകയോ ചെയ്യണമെന്ന കമ്മിഷന്‍ പറഞ്ഞു. തെരുവ് നായ്ക്കള്‍ പൊതു സുരക്ഷക്ക് ഭീഷണിയാണ്. അവ മനുഷ്യരെയും മറ്റു മൃഗങ്ങളെയും ആക്രമിക്കുന്നു. തെരുവു നായ്ക്കള്‍ രോഗം പരത്തുന്നുണ്ടെന്നും കമ്മിഷന്‍ പറഞ്ഞു.
