
പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായയുടെ കടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്നു. പത്തനംതിട്ട പുല്ലാട് 13 വയസ്സുകാരി നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവത്തിന് പിന്നാലെയാണ് കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. നായയുടെ കടിയേറ്റ് വാക്സിൻ എടുത്തിരുന്നതായും അതിന് ശേഷം മരണം സംഭവിച്ചതിലുമാണ് സംശയം.
എറണാകുളം അമൃത ആശുപത്രിയിൽ നടത്തിയ ആദ്യ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചിരുന്നില്ല. എന്നാൽ പിന്നീട് പബ്ലിക് ഹെൽത്ത് ലാബിൽ നടത്തിയ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. പബ്ലിക് ഹെൽത്ത് ലാബിലെ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതായി പത്തനംതിട്ട ഡി.എം.ഒയും വ്യക്തമാക്കി. എന്നാൽ കുട്ടിയുടെ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടത്താത്തതിനാൽ മരണകാരണം പേവിഷബാധ തന്നെ എന്ന് സ്ഥിരീകരിക്കാൻ കഴിയില്ലെന്നും ഡി.എം.ഒ പറയുന്നു. കഴിഞ്ഞ ഡിസംബർ 13നാണ് വീടിന് സമീപം വെച്ച് ഭാഗ്യലക്ഷ്മിക്ക് നായയുടെ കടിയേറ്റത്. ഏപ്രിൽ മൂന്നിന് പെൺകുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയായിരുന്നു. പിന്നീട് ഏപ്രിൽ 9 ന് എറണാകുളം അമൃത ആശുപത്രിയിൽ വച്ച് മരണം സംഭവിക്കുകയായിരുന്നു. ഏപ്രിൽ മാസം മാത്രം സംസ്ഥാനത്ത് 6 പേർ പേവിഷബാധ കാരണം മരണപെട്ടു എന്നാണ് കണക്ക്.
