
ആലപ്പുഴ: മാവേലിക്കരയിൽ പന്ത്രണ്ടുകാരന് രണ്ടാനച്ഛൻ്റെ ക്രൂരമർദനം. ശരീരത്തിൽ മുറിവേറ്റ പാടുകളെ തുടർന്ന് കുട്ടി ആശുപത്രിയിൽ ചികിത്സയിൽ. കേസില്‍ കൊല്ലം സ്വദേശിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തു. ചൊവാഴ്‌ച വൈകീട്ടാണ് മർദനമേറ്റ നിലയിൽ പന്ത്രണ്ടു വയസുകാരനെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് വീണ് പരിക്കേറ്റു എന്നാണ് രണ്ടാനച്ഛൻ ആശുപത്രിയിൽ പറഞ്ഞത്.
കുട്ടിയുടെ മുഖത്തും തലയിലുമായിരുന്നു പരിക്ക്. എന്നാൽ കുട്ടിയുടെ ഭയത്തോടെയുള്ള പെരുമാറ്റത്തിലും രണ്ടാനച്ഛൻ്റെ പരസ്‌പര വിരുദ്ധമായ മറുപടികളിലും സംശയം തോന്നിയ ഡോക്ടർ കുട്ടിയെ വിശദമായി പരിശോധിക്കുകയായിരുന്നു.

പരിശോധനയിൽ കുട്ടിയുടെ ശരീരമാസകലം വലിയ തോതിൽ മുറിവേറ്റ പാടുകളുണ്ട് എന്ന് കണ്ടെത്തി. മർദനമേറ്റതിൻ്റെയും പൊള്ളലേറ്റതിൻ്റെയും പാടുകളാണ് ശരീരത്തിൽ കണ്ടെത്തിയത്.
ഡോക്ടറാണ് മാവേലിക്കര പൊലീസിൽ വിവരം അറിയിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിന് ഒടുവിലാണ് കൊല്ലം സ്വദേശിയായ രണ്ടാനച്ഛനെ അറസ്റ്റ് ചെയ്തത്. കുട്ടിയെ എന്തിനാണ് മർദിച്ചതെന്നും കുട്ടിയുടെ അമ്മ എവിടെയാണ് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്. മുമ്പ് ജോലി വാഗ്ദാനം ചെയ്‌ത് തട്ടിപ്പ് നടത്തിയ കേസിൽ ചവറയിൽ ഇയാൽ അറസ്റ്റിലായിട്ടുണ്ട്. തുടർന്ന് മാവേലിക്കരയിൽ വാടകയ്ക്ക് താമസിച്ചു വരുന്നതിനിടെയാണ് കുട്ടിയെ മർദിച്ച സംഭവം ഉണ്ടായത്.
